
ബീജിംഗ് : ഭൂമിക്കും, അതിലെ ജീവജാലങ്ങൾക്കും ഭീഷണിയായി കടന്നുപോകുന്ന ഉൽക്കകളെയും ഛിന്നഗ്രഹങ്ങളെയും കണ്ടെത്തി നിരീക്ഷിക്കുന്നതിനുള്ള കൂറ്റൻ റഡാർ സംവിധാനങ്ങളൊരുക്കാൻ ചൈനയും. നിലവിൽ അമേരിക്കയ്ക്ക് മാത്രമാണ് ഇത്തരം റഡാർ സംവിധാനമുള്ളത്. എന്നാൽ അമേരിക്കയേക്കാളും വലിയ റഡാർ സംവിധാനമാണ് ചൈന തയ്യാറാക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. 115 അടി വ്യാസമുള്ള റഡാർ ഡിഷുകളാണ് ചൈന സ്ഥാപിക്കുന്നത്. ഇതിൽ നിന്നും സിഗ്നലുകൾ ഭൂമിയുടെ പരിധിക്കും പുറത്തേയ്ക്ക് വിടുകയും അത് ശൂന്യാകാശത്ത് കൂടി സഞ്ചരിക്കുന്ന വസ്തുക്കളിൽ തട്ടി തിരികെ എത്തുകയും ചെയ്യും. കാഷ്ഗർ, സിങ്ജിയാങ് എന്നിവിടങ്ങളിലാണ് കൂറ്റൻ ഡിഷുകൾ ഇതിനായി സ്ഥാപിക്കുക. തിരികെ എത്തുന്ന തരംഗങ്ങൾ പിടിച്ചെടുക്കുവാനുള്ള സംവിധാനങ്ങൾ കൂടുതൽ ഇടങ്ങളിൽ ഒരുക്കും. 0.1 അസ്‌ട്രോണമിക്കൽ യൂണിറ്റ് വരെയുള്ള അകലത്തിലെ വസ്തുക്കൾ ഇതുവഴി കണ്ടെത്താനാകും.
ഭൂമിക്ക് അടുത്തുകൂടി സഞ്ചരിക്കുന്ന വസ്തുക്കളെ ടെലിസ്‌കോപ്പിനാൽ നിരീക്ഷിക്കുവാനാകും എങ്കിലും അവയുടെ വേഗതയുൾപ്പടെയുള്ള കാര്യങ്ങൾ മനസിലാക്കുവാൻ ബുദ്ധിമുട്ടാണ്. നിലവിൽ അമേരിക്കയിൽ നിന്നും ലഭിക്കുന്ന വിവരങ്ങളെയാണ് ശാസ്ത്രലോകം ഇതിനായി ആശ്രയിക്കുന്നത്. ഇനിമുതൽ ഇത്തരം വിവരങ്ങൾ ചൈനയും പുറത്തുവിടും.
മനുഷ്യരാശിയോടുള്ള ഉത്തരവാദിത്വം എന്ന നിലയിലാണ് ഈ കൂറ്റൻ റഡാർ പദ്ധതിയെ ചൈന വിശേഷിപ്പിക്കുന്നത്. സാധാരണഗതിയിൽ അധികം ജനസാന്ദ്രത ഇല്ലാത്ത, വ്യോമഗതാഗതം നടക്കാത്ത ഇടങ്ങളിലാണ് റഡാറുകൾ സ്ഥാപിക്കുന്നത്. ചൈന റഡാർ സ്ഥാപിക്കുന്ന സിങ്ജിയാങ് ഇത്തരമൊരു പ്രദേശമാണ്. ഉൽക്കകളെയും ഛിന്നഗ്രഹങ്ങളെയും നിരീക്ഷിക്കുന്നതിനായി അമേരിക്കയ്ക്ക് രണ്ട് റഡാർ സംവിധാനങ്ങളാണ് ഉള്ളത്. എന്നാൽ ഇതിലൊന്നിന്റെ പ്രവർത്തനം അടുത്തിടെ അവസാനിപ്പിച്ചിരുന്നു.