
ന്യൂയോർക്ക്: മുന്തിരികഴിക്കുന്നത് സൂര്യാതപത്തിൽനിന്നും അൾട്രാവയലറ്റ് രശ്മികളിൽനിന്നും ചർമ്മത്തെ സംരക്ഷിക്കുമെന്ന് പുതിയ കണ്ടെത്തൽ. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ് എന്നഘടകമാണ് ചർമ്മത്തെസംരക്ഷിക്കുന്നത്. കൂടുതലായി മുന്തിരി കഴിക്കുന്നവരുടെ ചർമ്മം സൂര്യാതപത്തെ പ്രതിരോധിക്കുന്നതായും അൾട്രാവയലറ്റ് രശ്മികൾ ഇവരുടെ ചർമ്മകോശങ്ങളിൽ ഏൽപ്പിക്കുന്ന ആഘാതം കുറവാണെന്നും അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
യൂണിവേഴ്സിറ്റി ഒഫ് അലബാമയിലെ ഗവേഷകൻ ക്രെയ്ഗ് എൽമെറ്റ്സ് ആണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് നേതൃത്വം നൽകിയത്. മുന്തിരി ഒരു മികച്ച സൺസ്ക്രീൻ ഉൽപ്പന്നമാണെന്നും ക്രീമുകൾക്കും ലോഷനുകൾക്കും പുറമേ അധിക ചർമ്മസംരക്ഷണമാണ് മുന്തിരി കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
യുവി (അൾട്രാവയലറ്റ്) രശ്മികൾ മൂലമുള്ള ചർമ്മപ്രശ്നങ്ങൾക്ക് മുന്തിരി എത്രത്തോളം ഫലപ്രദമാണെന്ന് അറിയുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. പഠനവിധേയമാക്കിയവർക്ക് ദിവസവും രണ്ടേകാൽ കപ്പ് മുന്തിരിക്ക് തത്തുല്യമായ മുന്തിരിപ്പൊടി പതിനാല് ദിവസത്തേക്ക് കഴിക്കാനായി നൽകി. ഈ രണ്ടാഴ്ചയും മുന്തിരി കഴിക്കുന്നതിന് മുമ്പും ശേഷവും യുവി രശ്മികൾ ഇവരുടെ ചർമ്മത്തിലുണ്ടാക്കുന്ന വ്യത്യാസം കൃത്യമായി രേഖപ്പെടുത്തിയിരുന്നു. വെയിലേറ്റ് 24 മണിക്കൂറിന് ശേഷം ചർമ്മം ചുവക്കാൻ എത്രത്തോളം യുവി റേഡിയേഷൻ ഏൽക്കേണ്ടി വരുന്നു (മിനിമൽ എറിത്രിമ ഡോസ് അഥവാ എംഇഡി) എന്നാണ് ഗവേഷകർ പരിശോധിച്ചത്.
മുന്തിരി കഴിച്ചതിന് ശേഷം ചർമ്മം ചുവക്കുന്നതിന് കൂടുതൽ യുവി റേഡിയേഷൻ ഏൽക്കേണ്ടി വരുന്നതായും എംഇഡിയിൽ ശരാശരി 74.8 ശതമാനം വർധനവുണ്ടാകുന്നുവെന്നും ഗവേഷകർ കണ്ടെത്തി. മുന്തിരി യുവി രശ്മികളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നുവെന്ന നിഗമനത്തിലാണ് ഇതിലൂടെ ഗവേഷകർ എത്തിച്ചേർന്നത്. ഡിഎൻഎ ഡാമേജ് കുറയ്ക്കാനും ചർമ്മകോശങ്ങളുടെ നാശം ഇല്ലാതാക്കാനും മുന്തിരി അടങ്ങിയ ഭക്ഷണക്രമം സഹായിക്കുമെന്ന് സ്‌കിൻ ബയോപ്സിയിലൂടെ വ്യക്തമായി. ഡിഎൻഎ ഡാമേജ് ഇല്ലാതാക്കിയും അണുബാധയ്ക്കുള്ള സാധ്യത കുറച്ചും ചർമ്മത്തെ സംരക്ഷിക്കുന്ന മുന്തിരിയുടെ തന്മാത്രാ പ്രവർത്തനം തിരിച്ചറിയാൻ പഠനത്തിലൂടെ സാധിച്ചതായി ക്രെയ്ഗ് എൽമെറ്റ്സ് പറയുന്നു.
ഭൂരിഭാഗം സ്‌കിൻ കാൻസർ കേസുകളും 90 ശതമാനം സ്‌കിൻ മെലനോമ കാൻസറുകളും 86 ശതമാനം മെലനോമയും ഉണ്ടാകുന്നത് സൂര്യനിൽ നിന്നുള്ള യുവി രശ്മികൾ ഏൽക്കുന്നത് മൂലമാണെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. മാത്രമല്ല 90 ശതമാനം പേരിലും ചർമ്മാരോഗ്യം നഷ്ടപ്പെടാനുള്ള പ്രധാന കാരണവും സൂര്യരശ്മികൾ ഏൽക്കുന്നതാണ്.