sunny-leone

കൊച്ചി: ഉദ്‌‌ഘാടന ചടങ്ങിന് എത്താമെന്ന് വാഗ്‌ദാനം നൽകി 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു എന്ന കേസിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ച് ബോളിവുഡ് താരം സണ്ണി ലിയോൺ. സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്‌ക്കും പെരുമ്പാവൂർ സ്വദേശി ഷിയാസ് നൽകിയ പരാതിയിലാണ് താരം മുൻകൂർ ജാമ്യം തേടിയത്. ക്രൈംബ്രാഞ്ചാണ് ഷിയാസിന്റെ പരാതി അന്വേഷിക്കുന്നത്. താരത്തിന്റെ ശരിയായ പേരായ കരൺജിത്ത് കൗർ എന്ന പേരിലാണ് ജാമ്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഒപ്പം ഭർത്താവ് ഡാനിയൽ വെബർ, സൺസി‌റ്റി മീഡിയ എന്റർ‌‌റ്റെയിൻമെന്റ് സി.ഇ.ഒ സുനിൽ രജനി എന്നിവരും കേസിൽ പ്രതികളാണ്. കൊച്ചിയിലെ അഭിഭാഷക സംഘം വഴി ഇവരും ജാമ്യഹർജി സമർപ്പിച്ചിട്ടുണ്ട്.

കൊച്ചിയിൽ വിവിധ ഉദ്‌ഘാടന ചടങ്ങുകളിൽ പങ്കെടുക്കാമെന്ന് അറിയിച്ച നടി 29 ലക്ഷം രൂപ അഡ്വാൻസ് പണം വാങ്ങിയ ശേഷം വഞ്ചിച്ചു എന്നായിരുന്നു ഷിയാസ് നൽകിയ പരാതി. സാമ്പത്തിക കു‌റ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിഭാഗത്തിന് കൈമാറിയ കേസിൽ തിരുവനന്തപുരത്ത് ഷൂട്ടിഗിനെത്തിയ സണ്ണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു. താൻ വഞ്ചിച്ചില്ലെന്നും സംഘാടകർക്ക് അഞ്ചുതവണ ഡേ‌റ്റ് നൽകിയിരുന്നെന്നുമാണ് സണ്ണി ലിയോൺ പറയുന്നത്. എന്നാൽ സണ്ണി ലിയോൺ കള‌ളമാണ് പറയുന്നതെന്നാണ് ഷിയാസിന്റെ വാദം. മനപൂർവം സംഘാടകരെ വഞ്ചിക്കാൻ സണ്ണി ലിയോൺ ഉദ്ദേശിച്ചിരുന്നില്ലെന്നും കേസ് നിലനിൽക്കില്ലെന്നുമാണ് ക്രൈംബ്രാഞ്ച് അധികൃതർ നൽകുന്ന സൂചന.