ithi

ദേവന്മാർ ഇതുവരെ സുഖിച്ചുംആസ്വദിച്ചും അഹങ്കരിച്ചും കഴിഞ്ഞിരുന്ന അനുഭവങ്ങളൊക്കെ വെറും ഓർമ്മ മാത്രമായി. ഭൂമിയും സ്വർഗവും തമ്മിൽ ഇപ്പോൾ വ്യത്യാസമൊന്നും ഇല്ല. ആകെ ദുഃഖകരമായ ചുറ്റുപാട്. ദേവപ്രമുഖരെല്ലാം സ്വർഗത്തിന്റെ സ്ഥിതി അറിഞ്ഞ് ചിന്താക്കുഴപ്പത്തിലായി.

എന്തെങ്കിലും പോംവഴി കണ്ടെത്തിയല്ലേ പറ്റൂ. ദേവന്മാർ ഒറ്റയ്‌ക്കും ചെറു സംഘങ്ങളായും വൻ സംഘങ്ങളായുമൊക്കെ ചർച്ചയായി. ഒടുവിൽ മഹർഷിയോട് തന്നെ ശാപമോക്ഷമാരായാൻ തീരുമാനമായി. ദുർവാസാവെന്നു കേട്ടപ്പോൾ തന്നെദേവന്മാരിൽ പലരും വിറളി പിടിക്കാൻ തുടങങി. എങ്കിലും കുറച്ചു ദേവന്മാർ മഹർഷിയെപോയി കാണാൻ ധൈര്യം കാണിച്ചു. എന്തായാലും ഇത്രയും സംഭവിച്ചില്ലേ? ഇതില്പരം ഇനി എന്താ സംഭവിക്കാൻ? എന്നായി അവരുടെ ചിന്ത. അവർ പോയി മഹർഷിയെ കാണുമ്പോൾ കണ്ണുകളിലെ ചുവപ്പുനിറം മാറിയിട്ടില്ല. അവർ ധൈര്യപൂർവം മഹർഷിയെ അഭിമുഖീകരിച്ചു. സ്വർഗത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അവർ മഹർഷിയെ അറിയിച്ചു. കുറേ നേരം നിശബ്ദനായി ഇരുന്നശേഷം വന്ന ദേവന്മാരെ സൂക്ഷിച്ചുനോക്കി. കോപമൊന്നടങ്ങിയോ എന്നൊരു സംശയം.ദേവേന്ദ്രൻ കാണിച്ച തെറ്റിന് ദേവലോകത്തെ ഒന്നായി ശപിക്കേണ്ടതില്ലായിരുന്നു. ഒരു കുറ്റബോധം പോലെ മഹർഷിക്ക് തോന്നി. ദേവന്മാരുടെ മുഖത്തൊന്നു കൂടി നോക്കിയശേഷം 'പാലാഴി കടഞ്ഞ അമൃത് നേടി അതു കഴിക്കണം. അത് മാത്രമേ പരിഹാരമുള്ളൂ." മഹർഷി തീർത്തു പറഞ്ഞു.

മഹർഷിയെ കാണാൻ വന്ന ദേവന്മാർ തിരികെ സ്വർഗത്തിലെത്തി. മഹർഷിയുടെ ശാപമോക്ഷ സന്ദേശം അവിടെ അറിയിച്ചു. കൊള്ളാം നല്ല എളുപ്പമുള്ള പരിഹാരം. ഒരുപാത്രത്തിലിരിക്കുന്ന വെണ്ണ കടയും പോലെ എളുപ്പമല്ലേ പാലാഴി കടയാൻ? ആകെ പഴിചാരലും കുശുകുശുക്കലും കണ്ണുരുട്ടലും ഒക്കെ നടന്നു. ദേവമുഖ്യമന്മാരായ ബ്രഹ്മാവും വിഷ്ണുവും ശിവനും ഒക്കെ പ്രശ്നത്തിലിടപെട്ടു. പാലാഴി കടയുക തന്നെ. തീരുമാനം ഉറപ്പായി. പാലാഴി കടയണമെങ്കിൽ അതിന് യോജിച്ച കടക്കോലും കയറുമൊക്കെ കിട്ടണ്ടേ? എന്നതായി അടുത്ത പ്രശ്നം. പാലാഴിയുടെ ആഴം പരിഗണിച്ചാൽ മന്ദരപർവതത്തിനു മാത്രമേ ഇത്രയും ഉയരം കിട്ടൂ. പർവതത്തിന്റെ മുകളിലോട്ടും താഴോട്ടുമുള്ള ഉയരം ഏതാണ്ട് പാലാഴിയുടെ ആഴത്തിനു സമമായിരിക്കും എന്നവർ കണക്കുകൂട്ടി.ഈ പർവതത്തെ മൂന്നുപ്രാവശ്യം ചുറ്റിവരുന്ന ഒരു കയറോ? വീണ്ടും ചിന്താകുഴപ്പം.ശിവന്റെ അഭിപ്രായത്തിൽ വാസുകിക്ക് മാത്രമേ അതിനുള്ള നീളമുള്ളൂ. വളരെ നേരതതെ കൂടിയാലോചനകൾക്കും വാദപ്രതിവാദങ്ങൾക്കുമൊടുവിൽ മന്ദരപർവതത്തിന്റേയും നാഗരാജാവായ വാസുകിയുടേയും അനുമതിയോടുകൂടിപാലാഴി കടയാനുള്ള കടക്കോലും കയറും തീരുമാനമായി.

ഇത്രയും തീരുമാനങ്ങൾ ഉറപ്പായപ്പോൾ അടുത്തപ്രശ്നം ഉടലെടുത്തു. ദേവന്മാരിൽ പലരും ഇപ്പോൾ വൃദ്ധന്മാരായിരിക്കുന്നു. കുറേ പേർ രോഗികളും മുടന്തന്മാരും ആയിത്തീർന്നിരിക്കുന്നു. ബാക്കിയുള്ളവർ വിചാരിച്ചാൽ രണ്ടറ്റത്തുനിന്നും പിടിക്കാനുള്ള ആളെണ്ണം ഇല്ല. വീണ്ടും കൂടിയാലോചനകൾ തുടങ്ങി. ബദ്ധശത്രുക്കളാണെങ്കിലും അസുരന്മാരെ കൂടി വിളിച്ചാലോ? അഭിമാനം പണയം വച്ച് ദേവദൂതന്മാർ അസുരലോകത്തെത്തി ചർച്ചകളായി. അസുരന്മാരും ചിന്താകുഴപ്പത്തിലായി. നമ്മുടെ ശത്രുക്കളുമായി ഒരു സഹരണം വേണോ?ആ വിഷ്ണു ആണെങ്കിൽ മഹാസൂത്രശാലിയും. എങ്കിലും കിട്ടാൻ പോകുന്നത് അമൃതല്ലേ? ദേവന്മാരെ അപേക്ഷിച്ച് കഴിവും സാമർത്ഥ്യവും കൂടുതൽ നമുക്കല്ലേ? അമൃത്പൊന്തി വന്നാലുടനെ അമൃതുമായി നാം പാതാളത്തിലെത്തണം. ഒരുതുള്ളിപോലും ദേവന്മാർക്ക് കൊടുക്കരുത്.നമുക്കും നമ്മുടെ പരമ്പരകൾക്കും മാത്രം കഴിച്ച് ആരോഗ്യവും ദീർഘായുസ്സും കൂട്ടാം. അസുരനേതാവിന്റെ അഭിപ്രായം അംഗീകരിക്കപ്പെട്ടു.