us-water-hacking-

ഫ്‌ളോറിഡ : അമേരിക്കയിൽ ഫ്‌ളോറിഡയിലെ ഓൾഡ്സ്മാറിലെ ജലവിതരണ ശൃംഖലയിലുണ്ടായ വൻ ഹാക്കിംഗ് പ്ലാന്റ് ഓപ്പറേറ്ററുടെ അവസരോചിത ഇടപെടലിനെ തുടർന്ന് തടഞ്ഞു. ഓൾഡ്സ്മാറിലെ കമ്പ്യൂട്ടർ നിയന്ത്രണത്തിലുള്ള ജല ശുദ്ധീകരണ സംവിധാനം ഹാക്ക് ചെയ്തു കൊണ്ടാണ് അക്രമികൾ അട്ടിമറിക്ക് തുനിഞ്ഞത്. പ്ലാന്റിലെ കമ്പ്യൂട്ടർ ശൃഖലയിൽ നുഴഞ്ഞുകയറിയ ഹാക്കർമാർ ജലത്തിൽ ചേർക്കുന്ന സോഡിയം ഹൈഡ്രോക്‌സൈഡിന്റെ അളവ് കൂട്ടുന്നതിനുള്ള നിർദ്ദേശം നൽകുകയായിരുന്നു. വെള്ളത്തിന്റെ അസിഡിറ്റി കുറയ്ക്കുന്നതിനായിട്ടാണ് സോഡിയം ഹൈഡ്രോക്‌സൈഡ് ചേർക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് പ്ലാന്റിൽ അട്ടിമറി ശ്രമം ഉണ്ടായത്. അസാധാരമായി കമ്പ്യൂട്ടർ സംവിധാനത്തിൽ മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടുവെങ്കിലും തന്റെ മേൽ ഉദ്യോഗസ്ഥർ വരുത്തിയ മാറ്റങ്ങളാവാമെന്നാണ് പ്ലാന്റ് ഓപ്പറേറ്റർ കരുതിയത്. എന്നാൽ കുറച്ച് മണിക്കൂറുകൾക്ക് ശേഷം കമ്പ്യൂട്ടറിൻമേലുള്ള നിയന്ത്രണം നഷ്ടമാകുന്നുവെന്നും ആരോ സോഡിയം ഹൈഡ്രോക്‌സൈഡിന്റെ അളവ് കൂട്ടുന്നതിനുള്ള നിർദ്ദേശം തുടർച്ചയായി നൽകുന്നതായും ഉദ്യോഗസ്ഥൻ കണ്ടെത്തുകയായിരുന്നു. തുടർന്ന് അപായ മുന്നറിയിപ്പ് നൽകി അപകടം ഒഴിവാക്കുകയായിരുന്നു. സോഡിയം ഹൈഡ്രോക്‌സൈഡ് ഉയർന്ന അളവിലുള്ള വെള്ളം ഉപയോഗിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ജലവിതര ശൃംഖലയിൽ നുഴഞ്ഞു കയറിയത് രാജ്യത്തിന് അകത്ത് നിന്നോ പുറത്തു നിന്നോ എന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ജലശുദ്ധീകരണ സംവിധാനത്തിന്റെ ഓട്ടോമേറ്റഡ് സംവിധാനം നിർത്തിവച്ചാണ് പ്ലാന്റ് ഓപ്പറേറ്റർ ഹാക്കിംഗിനെ തടഞ്ഞത്.