sasikala

ചെന്നൈ: വി കെ ശശികലയുടെ 250 കോടിയുടെ സ്വത്തുക്കൾ കൂടി തമിഴ്നാട് സർക്കാർ കണ്ടുകെട്ടി. കാഞ്ചീപുരത്ത് 144 ഏക്കർ ഫാം ഹൗസ്, ചെന്നൈ അതിർത്തിയിലെ 14 ഏക്കർ ഭൂമി, മൂന്ന് വസതികൾ എന്നിവയാണ് സർക്കാർ ഏറ്റെടുത്തത്. ബിനാമി കമ്പനികളുടെ പേരിലാണ് സ്വത്തുക്കൾ ശശികല വാങ്ങിയിരുന്നത്. ഇളവരിശിയുടേയും സുധാകരന്റെയും ഉടമസ്ഥതയിലുളള കമ്പനികളുടെ പേരിലായിരുന്നു സ്വത്തുകൾ.

ശശികല ചെന്നൈയിൽ എത്തിയതിന് പിന്നാലെയാണ് തമിഴ്നാട് സർക്കാരിന്റെ നടപടി. ചെന്നൈയിലുളള ശശികലയുടെ 100 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ നേരത്തെ കണ്ടുകെട്ടിയിരുന്നു. ബംഗളൂരുവിൽ നിന്ന് 21 മണിക്കൂർ നീണ്ട യാത്രയ്‌ക്ക് ഒടുവിലാണ് ശശികല ചെന്നൈയിലെത്തിയത്. 62 ഇടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.

എം ജി ആർ വസതിയിലാണ് ശശികല ആദ്യമെത്തിയത്. എം ജി ആറിന്റെ വസതി സന്ദർശിച്ച ശശികല അദ്ദേഹത്തിന്റെ പ്രതിമയിൽ ഹാരം അണിയിച്ച് പ്രാർത്ഥിച്ച് ശേഷമാണ് മടങ്ങിയത്. പ്രവർത്തകരെ എല്ലാം ഉടൻ നേരിട്ടുകാണുമെന്ന് ശശികല പ്രതികരിച്ചു. ഇളവരിശിയുടെ മകളുടെ വസതിയിലാണ് ശശികല താമസിക്കുക. ജയ സമാധിയിലേക്കുളള റാലി തത്ക്കാലത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്.

ബംളരൂരു മുതൽ ചെന്നൈ വരെ നീണ്ട ശക്തിപ്രകടനത്തിന് പിന്നാലെ നിർണായക ചർച്ചകൾക്ക് ഒരുങ്ങുകയാണ് ശശികല. അണ്ണാ ഡി എം കെ ജനറൽ സെക്രട്ടറി എന്ന് അവകാശപ്പെട്ട് പാർട്ടി യോഗം വിളിക്കാനാണ് നീക്കം. ഇതിന് മുന്നോടിയായി അണ്ണാ ഡി എം കെയിലെ കൂടുതൽ എം എൽ എമാരെ കൂടിക്കാഴ്‌ചയ്‌ക്ക് ക്ഷണിച്ചു.

അതേസമയം, ശശികലയ്ക്ക് യാത്ര ചെയ്യാൻ പാർട്ടി കൊടിവച്ച വാഹനം നൽകിയ യുവജനവിഭാഗം സെക്രട്ടറി ഉൾപ്പടെ ഏഴ് പേരെ അണ്ണാ ഡി എം കെയിൽ നിന്ന് പുറത്താക്കി. അണ്ണാ ഡി എം കെയെ വഞ്ചിച്ചവരാണ് ശശികലയ്ക്ക് സഹായം നൽകിയവരെന്ന് ഇ പി എസ് ആരോപിച്ചു. വിമത നേതാക്കളെ അനുനയിപ്പിക്കാൻ വിശ്വസ്‌തരെ ഇപിഎസ് ചുമതലപ്പെടുത്തിയിട്ടുണ്ട്.