
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഞായറാഴ്‌ച ഉണ്ടായ മിന്നൽപ്രളയത്തിൽ മരണമടഞ്ഞവരുടെ എണ്ണം 31 ആയി. അളകനന്ദ നദിയിൽ നിന്നും ഇന്ന് അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണിത്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും ദുരന്ത നിവാരണ സേന തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ പുറത്തെത്തിക്കാനാകുമെന്നാണ് രക്ഷാദൗത്യ പ്രവർത്തകരുടെ പ്രതീക്ഷ
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പർവതമായ നന്ദാദേവിയിലെ പർവ്വതശിഖരത്തിൽ ഒരുഭാഗമാണ് ഞായറാഴ്‌ച പൊടുന്നനെ തകർന്ന് വെളളവും പാറയും പൊടിയുമടക്കം ഋഷിഗംഗാ നദിയിലേക്ക് പതിച്ചത്. ഇവിടെ ഡാമിന്റെ ജോലിയിൽ ഏർപ്പെട്ടിരുന്നവർ മിന്നൽ പ്രളയത്തിൽ അകപ്പെട്ടു. കുതിച്ചുവന്ന വെളളത്തിൽ രണ്ട് പ്രധാന ഡാമുകളും പാലങ്ങളും നിരവധി വീടുകളും തകർന്നു. 13 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.
206 പേരെയാണ് കാണാതായതായി തിങ്കളാഴ്‌ച രാത്രി വരെ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതിൽ ഏറെയും ഡാമിലെ ജോലിക്കാരാണ്. 175 പേരെ കുറിച്ച് ഇനിയും യാതൊരു വിവരമവുമില്ല. എൻടിപിസിയുടെ പ്രൊജക്‌റ്റ് നടക്കുന്നയിടത്തെ 1.7 കിലോമീറ്റർ നീളമുളള ടണലിൽ 35 പേർ കുടുങ്ങിക്കിടപ്പുണ്ട്. ഇവിടെ ജീവനോടെ ആളുകളെ ലഭിക്കും എന്നാണ് രക്ഷാവിഭാഗത്തിന്റെ പ്രതീക്ഷ. കാണാതായ ഡാംജോലിക്കാരിൽ ഏറെപേരും ഉത്തർപ്രദേശിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നും ഉളളവരാണ്. തൊഴിലാളികൾക്കൊപ്പം 12 ഗ്രാമവാസികളെയും രണ്ട് പൊലീസുകാരെയും കാണാതായിട്ടുണ്ട്.
പരുക്കേറ്റവരെ സന്ദർശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അപകടസ്ഥലങ്ങൾ സന്ദർശിച്ചു. ഒറ്റപ്പെട്ടുപോയ 2500പേർക്ക് ആഹാരപൊതികൾ സർക്കാർ വിതരണം ചെയ്യുന്നുണ്ട്.