-rajiv-kapoor

മുംബയ്: ബോളിവുഡ് നടനും സംവിധായകനുമായ രാജീവ് കപൂർ (58) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്നലെ പുലർച്ചെ ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിച്ച രാജീവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രശസ്ത നടൻ രാജ് കപൂറിന്റെയും കൃഷ്ണ കപൂറിന്റെയും മകനാണ് രാജീവ് കപൂർ. അന്തരിച്ച നടൻ ഋഷികപൂർ, രൺധീർകപൂർ, റീമകപൂർ, റിതു നന്ദ എന്നിവർ സഹോദരങ്ങളാണ്.

1983ൽ പുറത്തിറങ്ങിയ 'ഏക് ജാൻ ഹേൻ ഹും" ആണ് അരങ്ങേറ്റ ചിത്രം.

പിതാവിന്റെ അവസാന സംവിധാന സംരംഭമായ 'രാം തേരി ഗംഗ മൈലി" യിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. ആസ്‌മാൻ, ലൗ ബോയ്, സബർദസ്ത്, ഹം തോ ചലേ പർദേശ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 1996 ൽ പുറത്തിറങ്ങിയ പ്രേംഗ്രന്ഥ് എന്ന ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവുമായിരുന്നു.

2001ൽ ഫാഷൻ ഡിസൈനറും ആർക്കിടെക്ടുമായ ആരതി സബർവാളിനെ വിവാഹം കഴിച്ചെങ്കിലും 2003 ൽ വേർപിരിഞ്ഞു. ബോളിവുഡ് താരങ്ങളായ കരീഷ്മ കപൂർ, കരീന കപൂർ, രൺബീർ കപൂർ തുടങ്ങിയവർ ബന്ധുക്കളാണ്.