
ഇത്രയും കഴിഞ്ഞപ്പോൾ അടുത്ത പ്രശ്‌നം. മന്ദരപർവതത്തെയും വാസുകിയേയും പാലാഴിയിലെത്തിക്കണം. വീണ്ടും കൂടിയാലോചനകളായി. വിഷ്‌ണു ഇടപെട്ട് 'ഞാൻ ഗരുഡനോട് മന്ദരപർവതത്തെ കൊണ്ടുവരാൻ പറയാം. നിങ്ങൾ വാസുകിയെ കൊണ്ടുവരാൻ ശ്രമിക്ക്." വിഷ്‌ണുവിന്റെ അപേക്ഷപ്രകാരം ഗരുഡൻ ഹിമാലയത്തിലെത്തി മന്ദരപർവതത്തിന്റെ അനുമതിയോടുകൂടി അതിനെ ഇളക്കി കൊത്തിയെടുത്ത് പാലാഴിയുടെ കരയിലെത്തിച്ചു. വാസുകിയുടെ കാര്യത്തിൽ ഒന്നും നടന്നില്ല. വിഷ്‌ണു വീണ്ടും ഗരുഡനെ തന്നെ ആശ്രയിച്ചു. ഏറ്റവും മുതിർന്ന നാഗരാജാവ് അനന്തനാണെങ്കിലും അനന്തൻ വിഷ്‌ണു സഹായി ആയിപ്പോയപ്പോൾ അനുജനായ വാസുകിയെ നാഗരാജാവാക്കി. വാസുകി ഒരു ശിവഭക്തനായിരുന്നതിനാൽ എപ്പോഴും ശിവനെ സ്‌തുതിക്കുന്നതിനായി കൈലാസത്തിലായിരുന്നു വാസം. ഗരുഡൻ കൈലാസത്തിലെത്തി വാസുകിയോട് പാലാഴിയിലെത്താൻ അപേക്ഷിച്ചു. പാലാഴി കടയുന്നത് തന്റെ ആവശ്യത്തിനായല്ലെന്നും ആവശ്യക്കാർ തന്നെ പാലാഴി തീരത്ത് എത്തിക്കണമെന്നുമായി വാസുകി. ഗരുഡൻ വാസുകിയെ കൊത്തിയെടുത്തു പറക്കാൻ ശ്രമിച്ചു. എത്ര പൊങ്ങിയിട്ടും വാസുകിയുടെ പകുതിയിലേറെ ഭാഗം തറയിൽ കിടക്കുന്നു. നിരാശനായ ഗരുഡൻ വിഷ്‌ണുവിന് സമീപമെത്തി തന്റെ നിസഹായത അറിയിച്ചു. വിഷ്‌ണു ഓടി ശിവനെ സമീപിച്ചു. ശിവൻ ഉടനെ തന്റെ ഒരു കൈ കൈലാസത്തിലേക്ക് നീട്ടി. വാസുകി ശിവന്റെ കൈയിൽ ഒരു വളയമായി ചുരുങ്ങിക്കയറി. ശിവൻ നിസാരമായി കൈ വലിച്ച് പാലാഴി തീരത്തുനീട്ടി. വാസുകിയും പാലാഴി തീരത്തെത്തി.
ദേവന്മാരും അസുരന്മാരും പാലാഴിയുടെ ഇരുകരകളിലുമായി അണി നിരന്നു. മന്ദരപർവതത്തെ പതുക്കെ പാലാഴിയിലേക്കിറക്കി. വാസുകി പർവതത്തെ മൂന്നുപ്രാവശ്യം ചുറ്റിവരിഞ്ഞു. വാസുകിയുടെ തലദേവന്മാരും വാൽ അസുരന്മാരും പിടിക്കട്ടെ എന്ന് ദേവഭാഗം പറഞ്ഞു. അസുരന്മാർക്ക് അതൊരു കുറച്ചിലായി തോന്നി. അവരെ രണ്ടാതരക്കാരായി വരുത്താനാണ് വാൽഭാഗം പിടിക്കണമെന്ന് പറയുന്നത്. വീണ്ടും തർക്കമായി. നിവൃത്തിയില്ലാതെ തലഭാഗം അസുരന്മാർ പിടിക്കട്ടെ എന്ന് ദേവന്മാർക്ക് സമ്മതിക്കേണ്ടിവന്നു. എല്ലാസംവിധാനങ്ങളും പൂർത്തിയായി.
രണ്ടുകൂട്ടരും വാസുകിയെ അങ്ങോട്ടും ഇങ്ങോട്ടും വലിച്ച് മഥനം ആരംഭിച്ചു. മന്ദരഗിരിയിൽ നിന്ന ചെടികളും വൃക്ഷങ്ങളും മറ്റു പക്ഷിമൃഗാദികളും ഒക്കെ മഥനവിറയലിൽ പെട്ട് സമുദ്രത്തിൽ വീഴുകയും ഉരഞ്ഞ് അരഞ്ഞ് സമുദ്രത്തിൽ ചേരുകയും ചെയ്തു. ഇതിനുപുറമേ കടലിലെ ധാരാളം ജീവികളും ചതഞ്ഞരഞ്ഞു. കുറേ സമയത്തെ മഥനം കഴിഞ്ഞപ്പോൾ മന്ദരവും വാസുകിയുമായുള്ള പിടിത്തം ഒന്നയഞ്ഞുപോയി. മന്ദരം ഉടനേ കടലിന്റെ അടിത്തട്ടിലേക്ക് താഴ്ന്നുപോയി. വീണ്ടും പുതിയ പ്രശ്‌നം ഉടലെടുത്തു. കൂടിയാലോചനകളായി.
മറ്റു മാർഗങ്ങളില്ലാതെ വിഷ്‌ണു ഒരു ആമയുടെ രൂപം സ്വീകരിച്ച് സമുദ്രത്തിനടിയിൽ പോയി മന്ദരത്തിനെ തന്റെ മുതുകിൽ കയറ്റി ഉയർത്തി വീണ്ടും പഴയ നിലയിലാക്കി മഥനം തുടർന്നു. മഥനം പുരോഗമിക്കുന്നതിനനുസരിച്ച് പല വിശിഷ്‌ടവസ്‌തുക്കളും ഉയർന്നുവരാൻ തുടങ്ങി. ഇവയെല്ലാം ദേവന്മാരും അസുരന്മാരും അവസരം പോലെയും ബലാബലം പോലെയും കരസ്ഥമാക്കി. ലക്ഷ്‌മീദേവിയേയും കൗസ്‌തുഭരത്നവും വിഷ്‌ണു എടുത്തു. ഐരാവതവും ഉച്ചൈശ്രവസും ഇന്ദ്രൻ എടുത്തു. ചന്ദ്രക്കല ശിവൻ സ്വീകരിച്ചു. ഇങ്ങനെ പല വസ്തുക്കളും വന്നതോടുകൂടി എല്ലാവരുടേയും ശ്രദ്ധ അമൃതകുഭത്തിലായി. അതാ! സൂര്യപ്രഭയോടെ അമൃതകുംഭവും പിടിച്ച് ധന്വന്തരിമൂർത്തി ഉയർന്നുവരുന്നു. മൂർത്തി ഉയർന്ന് എത്തുന്നതിനു മുമ്പുതന്നെ അസുരന്മാർ കുംഭം ധന്വന്തരിയിൽ നിന്നും പിടിച്ചുവാങ്ങി പാതാളത്തിലേക്കോടി.
ഇതുവരെ ചെയ്‌ത സകല അധ്വാനവും പാഴിലായതിൽ ദേവന്മാർ മുഖത്തോടുമുഖം നോക്കി പരസ്പരം കുറ്റപ്പെടുത്താനും വഴക്കിടാനും തുടങ്ങി. വീണ്ടും ആകെ ആശയക്കുഴപ്പം. എന്തെങ്കിലും ഒരുവഴി കണ്ടെത്താമെന്ന് വിഷ്‌ണുദേവകളെ ആശ്വസിപ്പിച്ചു. ഏതായാലും പാലാഴി മഥനവും മന്ദര - വാസുകിമാരുടെ ചുമതലയും ഇതോടെ അവസാനിച്ചു.