
കൊല്ലം ജില്ലയിലെ ശൂരനാടിന് സമീപം പ്രവാസിയുടെ ഭാര്യയെ കാണ്മാനില്ലെന്ന പരാതി ലഭിച്ച് അന്വേഷണത്തിന് എത്തിയ സി ഐ ഗിൽബർട്ടിന് ആ വീട്ടിലെത്തിയ ദിവസം തന്നെ അസ്വാഭാവികമായി ചില കാഴ്ചകളാണ് കാണാനായത്. വീടിന് തൊട്ടടുത്തായി ഒറ്റയ്ക്ക് ഒരിടത്ത് നിന്നിരുന്ന വാഴയെ ഒറ്റനോട്ടത്തിൽ തന്നെ സംശയത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടത്. ചുവട്ടിൽ മണ്ണ് ഇളകി കിടന്നതും സംശയത്തിന് ഇടയാക്കി.
കാണാതായ വീട്ടമ്മയുടെ മുറിയിൽ നിന്നും കട്ടിലിനടിയിലായി ഒരു പഞ്ഞിക്കെട്ട് കണ്ടെത്തുകയും, അലമാരയിലെ ബാഗിൽ നിന്നും ബാങ്ക് രേഖകളും കുറച്ചേറെ മരുന്നുകളും ലഭിച്ചു. വിവാഹം കഴിഞ്ഞ് ഏറെ വർഷമായെങ്കിലും ഒരു കുഞ്ഞ് ഉണ്ടാവാത്ത ദുഖത്തിലാണ് യുവതിയെന്ന വിവരം ഉദ്യോഗസ്ഥർക്ക് മനസിലായി. അതേ സമയം ആ നാട്ടിലെ ഒരു ഫാൻസി സ്റ്റോർ ഉടമയുമായി യുവതി സൗഹൃദത്തിലായിരുന്നുവെന്നും, അടുത്തായി അയാൾ ടൗണിൽ വലിയൊരു വസ്ത്രശാല തുടങ്ങി എന്ന വിവരവും ഉദ്യോഗസ്ഥർക്ക് ലഭിച്ചു.
സംശയങ്ങൾ ഒന്നിന് പുറകേ ഒന്നായി ഉയർന്നു കൊണ്ടിരുന്നു. എന്നാൽ കാണാതായ യുവതി കൊല്ലപ്പെടുകയായിരുന്നു എന്ന സത്യം ദിവസങ്ങൾക്കുള്ളിൽ പൊലീസിന് മനസിലായി. അതിന് നിമിത്തമായത് ചുവട്ടിൽ മണ്ണ് ഇളകി കിടന്ന ആ വാഴയുടെ മേൽ അന്വേഷണ ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ ദൃഷ്ടി പതിഞ്ഞത് ഒന്നുകൊണ്ട് മാത്രമായിരുന്നു. പ്രവാസിയുടെ സമ്പന്നയും സുന്ദരിയുമായ സ്ഥലം വിട്ടു പോയതല്ലെന്നും വീട്ടുകാർ അറിയാതെ ഒരുക്കിയ ചതിക്കെണിയിൽ കൊല്ലപ്പെടുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. ആ സംഭവമാണ് ഇന്ന് റിട്ട. ഡി വൈ എസ് പി ഗിൽബർട്ട് ഇവിടെ വിവരിക്കുന്നത്. വീഡിയോ കാണാം