sasikala

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും എ.ഐ.എ.ഡി.എം.കെ മുൻ നേതാവുമായ വി.കെ. ശശികലയുടെ 250 കോടിയുടെ സ്വത്തുക്കൾ കൂടി തമിഴ്നാട് സർക്കാർ കണ്ടുകെട്ടി. ബിനാമി പേരിലുള്ള കാഞ്ചീപുരത്ത് 144 ഏക്കർ ഫാം ഹൗസ്, ചെന്നൈ അതിർത്തിയിലെ 14 ഏക്കർ ഭൂമി, മൂന്ന് വസതികൾ എന്നിവയാണ് സർക്കാർ ഏറ്റെടുത്തത്. ബന്ധുക്കളായ ഇളവരിശിയുയെയും സുധാകരന്റെയും ഉടമസ്ഥതയിലുള്ള കമ്പനികളുടെ പേരിലായിരുന്നു സ്വത്തുകൾ. ശശികല ചെന്നൈയിൽ എത്തിയതിന് പിന്നാലെയാണിത്. ദിവസങ്ങൾക്ക് മുന്നിൽ ചെന്നൈയിലുള്ള ശശികലയുടെ 100 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.

എം.ജി.ആറിനെ വണങ്ങി ചിന്നമ്മ

ബംഗളൂരുവിൽ നിന്ന് 21 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ചെന്നൈയിലെത്തിയ ശശികല 62 ഇടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. എം.ജി.ആർ വസതിയിലാണ് ശശികല ആദ്യമെത്തിയത്. അദ്ദേഹത്തിന്റെ പ്രതിമയിൽ ഹാരം അണിയിച്ച് പ്രാർത്ഥിച്ചു. ഇളവരിശിയുടെ മകളുടെ വീട്ടിലാണ് ശശികല താമസിക്കുക. ജയ സമാധിയിലേക്കുള്ള റാലി തത്കാലത്തേക്ക് റദ്ദാക്കി. അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എന്ന് അവകാശപ്പെട്ട് പാർട്ടി യോഗം വിളിക്കാനാണ് നീക്കം. യഥാർത്ഥ അണ്ണാ ഡി.എം.കെ എന്ന് അവകാശപ്പെട്ടാണ് അട്ടിമറി നീക്കം. ഇതിന് മുന്നോടിയായി പാർട്ടിയിലെ കൂടുതൽ എം.എൽ.എമാരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു.
123 പേരിൽ അറുപത് എം.എൽ.എമാർ പിന്തുണ അറിയിച്ചെന്നും അവകാശവാദമുണ്ട്.