
അമേരിക്കയിലേയും ബ്രിട്ടണിലേയും ഭക്ഷണസംസ്‌കാരം രാവും പകലും പോലെ വ്യത്യാസമുളളതാണ്. ഇരുരാജ്യങ്ങളിലേയും പൗരൻമാർ ഏത് രാജ്യത്തെ ഭക്ഷണസംസ്‌കാരമാണ് മുന്നിൽ നിൽക്കുന്നത് എന്നതിനെച്ചൊല്ലി സാമൂഹിക മാദ്ധ്യമങ്ങളിൽ പോരടിക്കുന്നതും ഇതിനെച്ചൊല്ലി ചൂടുപിടിച്ച ചർച്ചകൾ നടത്തുന്നതും സർവസാധാരണമാണ്. എന്നാൽ ഇപ്പോൾ ഭക്ഷണസംസ്‌കാരത്തെപ്പറ്റിയുളള ചർച്ചകൾ ചൂടുപിടിപ്പിച്ചും ബ്രിട്ടീഷുകാരെ ചൊടിപ്പിച്ചും രംഗത്തെത്തിയിരിക്കുകയാണ് ഒരു അമേരിക്കക്കാരി. ബ്രിട്ടണിലെ വിചിത്രമായ ചില ആഹാരങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ജെസിക്കാ റോസ് ചെയ്ത ട്വീറ്റിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
പത്തുവർഷമായി ബെർഹിംഗാമിൽ താമസിക്കുന്ന കാലിഫോർണിയയിൽനിന്നുളള ജെസിക്ക റോസാണ് ബ്രിട്ടണിൽ അവർക്ക് വിചിത്രമായി തോന്നിയിട്ടുളള ഭക്ഷണങ്ങൾ തന്റെ ട്വിറ്റർ ഫോളോവേഴ്സിനുമുന്നിൽ ചൂണ്ടിക്കാണിച്ചത്. ഇവരുടെ ട്വീറ്റിനു താഴെ നിരവധിപ്പേരാണ് പ്രതികരണവുമായി ഇതിനോടകം എത്തിയിരിക്കുന്നത്. ബ്രിട്ടിഷുകാരുടെ ദൈനംദിന ഭക്ഷണക്രമത്തിൽപ്പെടുന്ന ബീൻസ് ഓൺ ടോസ്റ്റ് ആണ് ജെസിക്കയ്ക്ക് ഏറ്റവും വിചിത്രമായി തോന്നിയിട്ടുളളത്. ബ്രിട്ടണിലെ ഏറ്റവും പ്രശസ്തമായ ഈ ഭക്ഷണം അമേരിക്കക്കാർ ഏറ്റവും ഇഷ്ടപ്പെടാത്ത ഭക്ഷണങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്.

സാൻഡ് വിച്ചുകൾക്കുളളിൽ ഫിഷ് ഫിൻഗേഴ്സ് വെയ്ക്കുന്നതിനേയും ജെസീക്ക വളരെ വിചിത്രമാണ് വിലയിരുത്തുന്നത്. ബ്രിട്ടണിലെ പഴഞ്ചൻ മിഠായികളേയും ഇവർ വിമർശിച്ചിട്ടുണ്ട്.

ബ്രിട്ടീഷുകാരുടെ സ്വഭാവത്തേയും ജെസീക്ക തന്റെ ട്വീറ്റുകളിൽ അടച്ചാക്ഷേപിക്കുന്നു. ഒരു കോഫി ഷോപ്പിലോ റെസ്റ്റോറന്റിലോ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ബ്രിട്ടീഷുകാർ എല്ലാവരോടും പരാതിപ്പെടും. പക്ഷേ പ്രശ്നം പരിഹരിക്കാൻ കഴിയുന്ന ആരെങ്കിലും ചോദിച്ചാൽ എല്ലാം ശരിയാണെന്ന് പറയുകയും ചെയ്യുന്നതായും അവർ ട്വീറ്റ് ചെയ്തു. അതേസമയം നിങ്ങൾ ഒരു വിചിത്രമായ സ്വപ്നത്തെയോ പേടിസ്വപ്നത്തെയോ പരാമർശിക്കുകയാണെങ്കിൽ ഉറങ്ങുന്നതിനുമുമ്പ് നിങ്ങൾ ധാരാളം ചീസ് കഴിച്ചിട്ടുണ്ടോ എന്ന് ബ്രിട്ടീഷുകാർ ചോദിക്കുമെന്നും തമാശരൂപേണ ജെസീക്ക കൂട്ടിച്ചേത്തു.
ജെസിക്കയുടെ ട്വീറ്റുകൾക്ക് ട്വിറ്ററിൽ വൻ സ്വീകാര്യത ലഭിച്ചു എന്നതിലുപരി ഇരുപരി ഇരുരാജ്യത്തേയും ഭക്ഷണപ്രേമികൾക്ക് ട്വിറ്ററിൽ തുറന്ന പോരിനുളള അവസരം കൂടിയാണ് ഇപ്പോൽ തുറന്ന് കിട്ടിയിരിക്കുന്നത്. തങ്ങളുടെ ഭക്ഷണ പാരമ്പര്യത്തെ അടച്ചാക്ഷേപിച്ച അമേരിക്കക്കാർക്ക് ബ്രിട്ടീഷുകാർ എങ്ങനെ മറുപടി നൽകുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.