
ബെയ്ജിംഗ്: രാജ്യരഹസ്യങ്ങൾ ചോർത്തി വിദേശത്തേക്ക് നൽകിയെന്നാരോപിച്ച് ചൈനീസ് വംശജയായ ആസ്ട്രേലിയൻ മാദ്ധ്യമപ്രവർത്തക ചെങ്ങ് ലീയെ അറസ്റ്റ് ചെയ്തെന്ന് ചൈന.സർക്കാർ ഉടമസ്ഥതയിൽ ഉള്ള സി.ജി.ടി.എൻ ചാനൽ അവതാരകയാണ് ചെങ്ങ് ലീ. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെങിന്റെ അറസ്റ്റ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഗസ്റ്റ് മുതൽ ഇവർ തടവിലാണ്. ചെങ്ങിന് നിയമപരമായ അവകാശങ്ങൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ചൈന ഈ കേസ് കൈകാര്യം ചെയ്യുന്നതിൽ ആസ്ട്രേലിയ ഇടപെടില്ലെന്നാണ് പ്രതീക്ഷയെന്ന് വിദേശ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. ചെങ്ങിനെ തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് ആസ്ട്രേലിയ പലതവണ ആശങ്ക രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചുള്ള മാനുഷിക പരിഗണനയും അടിസ്ഥാനപരമായ നീതിയും അവർക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മരിസെ പയ്നെ പറഞ്ഞു. ചെങ്ങിന്റെ രണ്ടു മക്കൾ ആസ്ട്രേലിയയിലാണുള്ളത്. ആഗസ്റ്റിൽ മുന്നറിയിപ്പൊന്നുമില്ലാതെ ചെങ്ങിനെ കാണാതാവുകയായിരുന്നു. പിറകെ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ചാനൽ വെബ്സൈറ്റിൽനിന്ന് അപ്രത്യക്ഷമായി. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട് അവർ കഴിയുകയാണെന്ന് പിന്നീട് ചൈന വെളിപ്പെടുത്തുകയായിരുന്നു.