pj-joseph

പത്തനംതിട്ട: കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച വടക്കൻ കേരളത്തിലെ തളിപ്പറമ്പ്, ആലത്തൂർ മണ്ഡലങ്ങൾ കോൺഗ്രസിന് വിട്ടുകൊടുക്കുമെന്ന് പി.ജെ. ജോസഫ് മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.
രണ്ടു മണ്ഡലങ്ങളിലും കേരള കോൺഗ്രസിനേക്കാൾ കോൺഗ്രസിനായിരിക്കും വിജയസാദ്ധ്യത. യു.ഡി.എഫിൽ 12 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉറച്ചുനിൽക്കുകയാണ്. കഴിഞ്ഞതവണ മത്സരിച്ച 15 സീറ്റുകളിൽ രണ്ടെണ്ണം വിട്ടുനൽകുകയും പാലാ സീറ്റ് മാണി സി. കാപ്പൻ മത്സരിക്കുന്നെങ്കിൽ അദ്ദേഹത്തിന് നൽകുകയും ചെയ്യും. യു.ഡി.എഫിൽ അടുത്ത ചർച്ച നാളെയാണ്. ഓരോ പാർട്ടിക്കും സീറ്റു നിർണയത്തിൽ അഭിപ്രായങ്ങളുണ്ടാവും. കേരള കോൺഗ്രസ് സീറ്റുകളിൽ വച്ചുമാറ്റം ആലോചനയിലില്ല. തിരുവല്ല സീറ്റ് റാന്നിയുമായി വച്ചുമാറുന്നതിനെക്കുറിച്ച് ചർച്ച നടന്നിട്ടില്ല. .
വിജയസാദ്ധ്യതയാവും പാർട്ടിയുടെ സ്ഥാനാർത്ഥി നിർണയത്തിൽ അടിസ്ഥാന ഘടകം. പുതുമുഖങ്ങൾക്കു പ്രാതിനിദ്ധ്യമുണ്ടാവുമെന്നും ജോസഫ് പറഞ്ഞു.