sooraj

പാൽഘർ: ചെന്നൈ വിമാനത്താവളത്തിന് പുറത്തുവച്ച് തന്നെ തട്ടികൊണ്ടു പോയെന്ന നാവിക സേന ഉദ്യോഗസ്ഥൻ സൂരജ്കുമാർ ദുബെയുടെ മരണമൊഴിയിൽ ദുരൂഹതയെന്ന് പൊലീസ്. ജനുവരി 30ന് രാത്രി 12ന് ചെന്നൈ വിമാനത്താവളത്തിന് പുറത്ത് സൂരജ് സ്വതന്ത്രനായി നടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തട്ടികൊണ്ടു പോകാൻ ഉപയോഗിച്ചതായി അവകാശപ്പെട്ട വെള്ള എസ്.യു.വി ദൃശ്യങ്ങളിലില്ല. മാത്രമല്ല 31ന് ചെന്നൈയിലെ എ.ടി.എമ്മിൽ നിന്ന് 5,000 രൂപയും പിൻവലിച്ചിട്ടുണ്ട്. രാത്രി 9.30 ന് വിമാനത്താവളത്തിന് പുറത്തു കടന്നതും മൂന്ന് പേർ തന്നെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയെന്നാണ് സൂരജിന്റെ മരണമൊഴി. വെള്ള എസ്.യു.വിയിലാണ് തട്ടികൊണ്ടുപോയതെന്നും മൂന്ന് ദിവസം ചെന്നൈയിൽ കഴിഞ്ഞ ശേഷം മഹാരാഷ്ട്രയിലെ പാൽഘറിലുള്ള വനമേഖലയിൽ കൊണ്ടുവന്നെന്നും ആവശ്യപ്പെട്ട 10 ലക്ഷം രൂപ നൽകാത്തതിനെ തുടർന്ന് തീയിട്ടെന്നുമാണ് മരിക്കുന്നതിന് തൊട്ടുമുമ്പ് സൂരജ് പൊലീസിനോട് പറഞ്ഞത്. മൊഴിയും സി.സി.ടി.വി ദൃശ്യങ്ങളും തമ്മിലെ വൈരുദ്ധ്യം ദുരൂഹതയേറ്റുന്നു. ചെന്നൈയിൽ നിന്ന് പാൽഘറിലേക്ക് 1500 ഓളം കിലോമീറ്റർ ദൂരമുണ്ട്. സൂരജ് എങ്ങനെ പാൽഘറിലെത്തിയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 10 അംഗങ്ങൾ വീതമുള്ള 10 സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. 22.75 ലക്ഷം രൂപ കടമെടുത്ത് സൂരജ് ഓഹരി വിപണിയിലെ ഊഹക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഭോപ്പാലിലെയും മുംബയിലെയും ബ്രോക്കർ കമ്പനികളിൽ നിന്ന് വിവരം ശേഖരിക്കുന്നു. ഈ കമ്പനികൾ വഴിയാണ് സൂരജ് ഊഹക്കച്ചവടത്തിന് പണമിറക്കിയത്. സൂരജ് ആറു ലക്ഷം രൂപ കടം വാങ്ങിയ സഹപ്രവർത്തകനെയും പൊലീസ് ചോദ്യം ചെയ്തു. കൊല്ലപ്പെടുന്നതിന് മുമ്പ് നിരന്തരം സൂരജിനെ ഇയാൾ ഫോണിൽ വിളിച്ചതായി തെളിവുണ്ട്. സൂരജിന്റെ കുടുംബവും ബി.ജെ.പിയും കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു.