saritha

തിരുവനന്തപുരം: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ പ്രതികരണവുമായി സരിത നായർ. തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച സരിത പുറത്ത് വന്ന ഓഡിയോയിലെ ശബ്ദം തന്റേതല്ലെന്നും ഗൂഡാലോചനക്കാർ മിമിക്രിക്കാരുടെ സഹായത്തോടെ ഉണ്ടാക്കിയതാണെന്നും അവകാശപ്പെട്ടു.

ആ ശബ്ദം എന്റേതല്ല. മിമിക്രിക്കാരുടെ സഹായത്തോടെയാണ് ഗൂഡാലോചനക്കാർ ഇത് ചെയ്തത്. പരാതിക്കാരൻ തന്നെ കണ്ടിട്ടില്ലെന്നാണ് പൊലീസിനു നൽകിയിട്ടുള്ള മൊഴിയും എഫ്‌ഐആറിലുമുള്ളത്. ഒരിക്കലും തന്നെ കണ്ടിട്ടില്ലെന്നാണ് മാദ്ധ്യമങ്ങളോടും പറഞ്ഞത്. കാണാതെ എങ്ങനെ പൈസ തന്നു എന്നാണ് പറയുന്നത്. അക്കൗണ്ട് രേഖകളിലൊന്നും അരുൺ എന്നൊരാൾ പണം തന്നതിന്റെ രേഖകളില്ല. രണ്ടു വർഷത്തെ മുഴുവൻ രേഖകളും പരിശോധിച്ചിട്ടും ഈ പേരിൽ ഒരാൾ അക്കൗണ്ടിൽ പണം ഇട്ടതു കണ്ടിട്ടില്ല. വ്യാജവാർത്തകളോട് പ്രതികരിക്കേണ്ട കാര്യമില്ലെന്നും ഇതു സംബന്ധിച്ച് കോടതിയിൽ പരാതി നൽകിയിട്ടുണ്ടെന്നും സരിത വ്യക്തമാക്കി.

സോളാർ കേസിലെ സി.ബി.ഐ. അന്വേഷണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണിതെന്നും സരിത നായർ ആരോപിച്ചു. സി.ബി.ഐക്ക് മൊഴി നൽകരുതെന്ന് ആവശ്യപ്പെട്ടുള്ള ബ്ലാക്ക് മെയിൽ വരുന്നുണ്ട്. കേസിൽ നിന്നും പിൻമാറണമെന്നും ആവശ്യപ്പെടുന്നുണ്ടെന്നും സരിത പറഞ്ഞു.

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് സരിത നായർ പണം തട്ടിയെടുത്തെന്ന് നെയ്യാറ്റിൻകര സ്വദേശി എസ്. എസ്.. അരുണാണ് പരാതി നൽകിയത്. ഇതിനു പിന്നാലെ ആരോഗ്യകേരളം പദ്ധതിയിൽ നാല് പേർക്ക് ജോലി വാങ്ങി നൽകിയെന്ന ഫോൺ സംഭാഷണവും പുറത്ത് വന്നിരുന്നു. ജോലി കിട്ടുന്നവരും കുടുംബവും പാർട്ടിക്കൊപ്പം നിൽക്കുമെന്നാണ് കരുതുന്നതെന്നും പിൻവാതിൽ നിയമനത്തിൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും പുറത്തുവന്ന ശബ്ദരേഖയിൽ പറയുന്നുണ്ട്.