
കുവൈത്ത് സിറ്റി: ക്വാറന്റീൻ ചട്ടം ലംഘിച്ചാൽ വിദേശികളെ നാടുകടത്തുമെന്ന് ബന്ധപ്പെട്ട സമിതി മേധാവി റിട്ട. ലെഫ്റ്റനന്റ്  ജനറൽ അബ്ദുൽ ഫത്താഹ് അൽ അലി മുന്നറിയിപ്പ് നൽകി. ക്വാറന്റീൻ കാലാവധി പൂർത്തിയായാലാണ് ഇത്തരക്കാരെ നാടുകടത്തുക. കൊവിഡ് ബാധിതരായിട്ടും പുറത്തിറങ്ങുന്നവർക്കും ക്വാറന്റീൻ പൂർത്തിയാകുന്നതിനുമുമ്പ് ജോലിയിൽ പ്രവേശിക്കുന്നവർക്കുമെതിരെ സമാന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കാത്ത തൊഴിലാളികൾക്ക് ആദ്യം 500 ദിനാർ പിഴയും കുറ്റം ആവർത്തിച്ചാൽ 1000 ദിനാർ പിഴയും ചുമത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് എല്ലാവരും പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്വദേശികള്‍ക്ക് രണ്ടു തവണ മുന്നറിയിപ്പ് നല്‍കും. എന്നിട്ടും ചട്ടങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ നിയമലംഘകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മൂന്നാമതും ലംഘനം ആവര്‍ത്തിച്ചാല്‍ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.