
തളിപ്പറമ്പ്: കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആശുപത്രി വിട്ടു. ഇന്നലെ രാവിലെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം പതിനൊന്നരയോടെയാണ് അദ്ദേഹം മെഡിക്കൽ കോളജിൽ നിന്ന് വീട്ടിലേക്ക് പോയത്. ഒരു മാസം നിരീക്ഷണത്തിൽ തുടരണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് ഭേദമായെങ്കിലും രോഗപ്രതിരോധശേഷി വീണ്ടെടുക്കാൻ സമയം വേണ്ടിവരുമെന്നതിനാൽ ഐസൊലേഷൻ തുടരണമെന്നാണ് നിർദ്ദേശം. ആരോഗ്യപ്രവർത്തകർക്കും സുഖവിവരങ്ങൾ നിരന്തരമായി അന്വേഷിച്ചവർക്കും ജയരാജൻ നന്ദി പറഞ്ഞു.
ജനുവരി 20നാണ് ജയരാജനെ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ടി.വി. രാജേഷ് എം.എൽ.എ, പ്രിൻസിപ്പൽ ഡോ. കെ.എം. കുര്യാക്കോസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി.കെ. മനോജ്, ഡോ. വിമൽ റോഹൻ, ആർ.എം.ഒ ഡോ. എസ്.എം. സരീൻ, ഡോ. കെ.സി. രഞ്ജിത്ത്കുമാർ, ഡോ. എസ്.എം. അഷറഫ്, ഡോ. വി.കെ. പ്രമോദ് തുടങ്ങിയവർ ജയരാജനെ യാത്രയാക്കാനെത്തിയിരുന്നു.