nithish

പാട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 17 പേരെക്കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. ഇതോടെ കാബിനറ്റിൽ ആകെ 30 മന്ത്രിമാരായി. ആറു സീറ്റുകൾ ഒഴിവുണ്ട്. ബി.ജെ.പിയിൽ നിന്ന് ഒമ്പതു പേരും ജെ.ഡി.യുവിൽ നിന്ന്​ എട്ടുപേരുമാണ്​ പുതിയതായി സത്യപ്രതിജ്ഞ ചെയ്തത്. ബി.ജെ.പി ദേശീയവക്താവും മുൻ കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുസൈനാണ് രാജ്ഭവനിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

ഇതോടെ സംസ്ഥാനത്ത് ബി.ജെ.പിക്ക്​ 20 മന്ത്രിമാരായി. ജെ.ഡി.യുവിന്​ 12 മന്ത്രിമാരാണുള്ളത്​. മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായെന്നും ഉടൻ പ്രഖ്യാപിക്കുമെന്നും നിതീഷ്​ കുമാർ പറഞ്ഞു.

വിരമിച്ച ശേഷം ജെ.ഡി.യുവിൽ ചേർന്ന മുൻ ഐ.പി.എസ്​ ഓഫീസർ സുനിൽകുമാർ, ​അന്തരിച്ച ബോളിവുഡ്​ നടൻ സുശാന്ത്​ സിംഗ്​ രജ്​പുത്തിന്റെ അടുത്ത ബന്ധുവായ നീരജ്​ കുമാർ സിംഗ് ബബ്​ലു ( ബി.ജെ.പി), ബി.എസ്​.പി ടിക്കറ്റിൽ ജയിച്ച്​ പിന്നീട്​ പാർട്ടി മാറി ജെ.ഡി.യുവിൽ എത്തിയ സമ ഖാനെ തുടങ്ങിയവരാണ് പുതുമുഖങ്ങൾ.