
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തവനൂരിൽ മത്സരിക്കാൻ വെല്ലുവിളിച്ച് മന്ത്രി കെടി ജലീൽ. തവനൂരിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കിൽ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക് എന്നും ജലീൽ ഫേസ്ബുക്കിൽകുറിച്ചു.
ഐശ്യര്യ കേരള യാത്ര തവനൂർ മണ്ഡലത്തിൽ എത്തിയപ്പോൾ കറപുരണ്ട അഞ്ച് വർഷങ്ങളുടെ ട്രാക്ക് റെക്കോർഡാണ് കെടി ജീലീലിനുള്ളത് എന്ന ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് കെടി ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇപ്പോൽ നൽകിയിരിക്കുന്നത്. ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് കെടി ജലീൽ തന്റെ പോസ്റ്റിൽ ഉന്നയിച്ചിരിക്കുന്നത്.
കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സ്വന്തം മകന് ഐഎഎസ് കിട്ടാൻ നടത്തിയ വഴിവിട്ട കളികൾ, ഊക്കൻ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോൾ ഐആർഎസുകൊണ്ട് തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കൽ കോളേജിൽ പിജിക്ക് ഫീസ് കൊടുക്കാൻ ബാർ മുതലാളിമാരിൽ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസിൽ കുടുങ്ങിക്കിടക്കുന്ന അനുഭവം, കോൺഗ്രസ്സിലെ സംഘി ഗ്രൂപ്പിന്റെ തലൈവർ, അങ്ങനെ ഒരുപാട് വിശേഷണങ്ങൾക്കർഹനാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല. തവനൂരിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കിൽ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്?