
 ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി
ചെന്നൈ: അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല, ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 227 റൺസിന്റെ തോൽവി. ഇംഗ്ലണ്ടുയർത്തിയ 420 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മത്സരത്തിന്റെ അവസാന ദിനമായ ഇന്നലെ ഉച്ചയോടെ 192 റൺസിന് ആൾ ഔട്ടാവുകയായിരുന്നു. തോൽവി ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യഷിപ്പിലെ ഫൈനൽ പ്രതീക്ഷകൾക്ക് മേൽ കരിനിഴലായി. എന്നാൽ ഇംഗ്ലണ്ട് പ്രതീക്ഷകൾ സജീവമാക്കി. ഇതോടെ നാല് ടെസ്റ്റ് ഉൾപ്പെട്ട പരമ്പരയിൽ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി. സ്കോർ: ഇംഗ്ലണ്ട് 578/10, 178/10. ഇന്ത്യ 337/10, 192/10.
മനോഹരം 
ആൻഡേഴ്സൺ, ലീച്ച്
ഗാബയിലെ തിരിച്ചുവരവിന്റെ ഓർമ്മയിൽ 39/1 എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യൻ നിരയിൽ ശുഭ്മാൻ ഗില്ലിനും (50), വിരാട് കൊഹ്ലിക്കും (72) മാത്രമാണ് ചെറുത്തു നിൽക്കാനായുള്ളൂ. നാല് വിക്കറ്റെടുത്ത ജാക്ക് ലീച്ചും മുപ്പത്തിയൊമ്പതാം വയസിലും പ്രതിഭയുടെ പൊൻതിളക്കവുമായി മൂന്ന് വിക്കറ്റെടുത്ത ജയിംസ് ആൻഡേഴ്സണും ചേർന്നാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ ചുരുട്ടിക്കെട്ടിയത്. സ്വിംഗ് ബൗളിംഗിലൂടെ ഗില്ലിനും രഹാനെക്കും പന്തിനും മടക്ക ടിക്കറ്റ് നൽകിയ ആൻഡേഴ്സണിന്റെ ബൗളിംഗ് ഏറെ നിർണായകമായി.
ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ചേതേശ്വർ പുജാരയെ (15) സ്റ്റോക്സിന്റെ കൈയിൽ എത്തിച്ച് ലീച്ചാണ് ഇന്നലെ ഇംഗ്ലീഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് 27-ാം ഓവറിൽ ശുഭ്മാൻ ഗില്ലിനേയും അജിങ്ക്യ രഹാനേയും തകർപ്പൻ റിവേഴ്സ് സിംഗിലൂടെ പുറത്താക്കി ആൻഡേഴ്സൺ കാര്യങ്ങൾ ഇംഗ്ലണ്ടിന് കൂടുതൽ അനുകൂലമാക്കുകയായിരുന്നു. 83 പന്ത് നേരിട്ട് 7 ഫോറും 1 സിക്സും ഉൾപ്പെട്ടതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. രഹാനെ അക്കൗണ്ട് തുറക്കുന്നതിന് മുന്നേയാണ് കൂടാരം കയറിയത്. ആതിഥേയരുടെ വലിയ പ്രതീക്ഷയായ റിഷഭ് പന്തിനെയും (11) റൂട്ടിന്റെ കൈയിൽ എത്തിച്ച് ആൻഡേഴ്സൺ പറഞ്ഞു വിടുകയായിരുന്നു. കഴിഞ്ഞ ഇന്നിംഗ്സിൽ അർദ്ധ സെഞ്ച്വറി നേടിയ വാഷിംഗ്ടൺ സുന്ദറിനെ (0) നിലയുറപ്പിക്കും മുന്നേ ബെസ്സ് ബട്ട്ലറുടെ കൈയിൽ എത്തിച്ചു.
ആർ.അശ്വിൻ (9) കൊഹ്ലിക്കൊപ്പം അല്പ നേരം പിടിച്ചു നിന്നെങ്കിലും ലീച്ച് തന്നെ ബട്ട്ലറുടെ കൈയിൽ എത്തിച്ചു. ഒരറ്റത്ത് വിക്കറ്റു വീണുകൊണ്ടിരിക്കുമ്പോഴും പിടിച്ചു നിൽക്കുകയായിരുന്ന വിരാട് കൊഹ്ലിയെ 55-ാം ഓവറിൽ സ്റ്റോക്സ് ക്ലീൻബൗൾഡാക്കിയതോടെ ഇംഗ്ലണ്ട് ക്യാമ്പിൽ ആഷോഘം തുടങ്ങി.
104 പന്ത് നേരിട്ട് 9 ഫോറുൾപ്പെട്ടതാണ് കൊഹ്ലിയുടെ 72 റൺസിന്റെ ഇന്നിംഗ്സ്. തുടർന്ന് നദീമിനെ (0) ലീച്ചും , ബുംറയെ (4) ആർച്ചറും പറഞ്ഞു വിട്ടതോടെ ഇന്ത്യൻ ഇന്നിംഗ്സിന് തിരിശീല വീഴുകയായിരുന്നു. ഇശാന്ത് 5 റൺസുമായി പുറത്താകാതെ നിന്നു.
ലോക ചാമ്പ്യൻഷിപ്പിലും തിരിച്ചടി
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ പരാജയത്തോടെ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ഇന്ത്യയെ പിന്തള്ളി ഇംഗ്ലണ്ട് ഒന്നാമതെത്തി.
70.2 പോയന്റ് ശതമാനത്തോടെ 442 പോയിന്റ് സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് ആദ്യമായി ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ തലപ്പത്ത് എത്തുന്നത്.
70.0 ശതമാനവുമായി ന്യൂസീലൻഡാണ് രണ്ടാമത്. അവർ നേരത്തെ ഫൈനൽ ഉറപ്പിച്ചു.
69.2 ശതമാനവുമായി ആസ്ട്രേലിയയാണ് മൂന്നാമത്. നാലാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 68.3 ശതമാനമാണുള്ളത്.
ഇംഗ്ലണ്ടിനെതിരായ പരമ്പര 2-1, 3-1 എന്നീ മാർജിനിൽ ജയിക്കാനായാൽ ഇന്ത്യയ്ക്ക് ഫൈനൽ കളിക്കാം.
ഇന്ത്യയ്ക്കെതിരായ പരമ്പര 3-0, 3-1, 4-0 എന്നീ മാർജിനിൽ ജയിച്ചാൽ ഇംഗ്ലണ്ട് ഫൈനലിലെത്തും.
ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിൽ ഇംഗ്ലണ്ട് 1-0, 2-0, 2-1 എന്നീ മാർജിനിലാണ് ജയിക്കുന്നതെങ്കിലോ അതുമല്ലെങ്കിൽ പരമ്പര 1-1, 2-2 മാർജിനിൽ സമനിലയായാലോ ആസ്ട്രേലിയ ഫൈനലിൽ കടക്കും.