us

വാഷിംഗ്ടൺ: യു.എസിലെ നഗരത്തിലേക്കുള്ള ശുദ്ധജല വിതരണ കേന്ദ്രത്തിൽ സൈബർ ആക്രമണം നടന്നതായി അധികൃതർ.15,000ല്‍ പരം ജനങ്ങൾ ജീവിക്കുന്ന ഫ്ലോറിഡയിലെ ഓൾഡ്സ്മാർ നഗരത്തിലെ കംപ്യൂട്ടർ നിയന്ത്രണത്തിലുള്ള ജലശുദ്ധീകരണ മേഖലയിലെ കംപ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്ത് വെള്ളത്തിൽ വിഷമയമാക്കാൻ ശ്രമം നടന്നെന്നാണ് റിപ്പോർട്ട്. വെള്ളത്തിന്റെ അസിഡിറ്റി നിയന്ത്രിക്കുന്ന സോഡിയം ഹൈഡ്രോക്സൈഡിന്റെ അളവ് ഹാക്കർമാർ കൂട്ടിയെന്നാണ് കണ്ടെത്തൽ. 100 പി.പി.എം ആണ് സോഡിയം ഹൈഡ്രോക്സൈഡിന്റെ ആവശ്യമായ അളവ്. എന്നാൽ ഹാക്കർമാർ 11,100പി.പി.എം ആക്കുകയാണ് ചെയ്തത്. കൃത്യസമയത്ത് പ്ലാന്റ് ഓപ്പറേറ്റർ ഇടപെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പ്ലാന്റിലെ ജീവനക്കാരാനാണ് ഈ വ്യത്യാസം ആദ്യം കണ്ടത്. എന്നാൽ തന്റെ സൂപ്പർവൈസറുടെ പിശാകാണെന്ന് കരുതി ഓപ്പറേറ്റർ അത് കാര്യമാക്കിയില്ല. പിശക് തിരുത്തുകയും ചെയ്തു. എന്നാൽ ഉച്ചയോടെ ഇത് വീണ്ടും സോഡിയം ഹൈഡ്രോക്സൈഡിന്റെ അളവ് കുത്തനെ കൂട്ടിയതോടെ പ്ലാന്റ് ഓപ്പറേറ്റർ ഇടപെടുകയും വൻ അപകടം ഒഴിവാക്കുകയും ചെയ്തെന്ന് മേയർ ഓൾഡ്സ്മാർ അറിയിച്ചു. ഹാക്കിങ് സ്ഥിരീകരിച്ചതിന് പിന്നാലെ ജലശുദ്ധീകരണ സംവിധാനത്തിന്റെ റിമോട്ട് ആക്സസ് പ്രോഗ്രാം താത്കാലികമായി പ്രവർത്തന രഹിതമാക്കി. വിഷയത്തിൽ പ്രാദേശിക, ഫെഡറൽ സംവിധാനങ്ങൾക്കൊപ്പം എഫ്.ബി.ഐയും അന്വേഷണം നടത്തുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഹാക്കിങ് നടത്തിയത് രാജ്യത്തിന് അകത്തുനിന്നാണോ മറ്റ് രാജ്യത്തുനിന്നോണോ എന്നതിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ഓൾഡ്സ്മാറിലെ ജലശുദ്ധീകരണ ശാലയിൽനിന്ന് നിരവധി വാണിജ്യസ്ഥാപനങ്ങൾക്കും വീടുകൾക്കുമാണ് ജലം വിതരണം ചെയ്യുന്നത്. വിഷമയമായ വെള്ളം ഇവരിൽ എത്തിയിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. കഴിഞ്ഞ നവംബറിൽ ഇല്ലിനോയിയിലെ ജലശുദ്ധീകരണ കേന്ദ്രത്തിനുനേരെ റഷ്യൻ ഹാക്കർമാരുടെ ആക്രമണം ഉണ്ടായിരുന്നു.അതു പരാജയപ്പെടുത്തുകയും ചെയ്തിരുന്നു..

സോഡിയം ഹൈഡ്രോക്സൈഡ്

ശുചീകരണ ദ്രാവകത്തിന്റെ പ്രധാന ഘടകമാണ് സോഡിയം ഹൈഡ്രോക്സൈഡ്. ഇതുപയോഗിച്ചാണ് വെള്ളത്തിന്റെ അസിഡിറ്റി നിയന്ത്രിക്കുന്നതും കുടിവെള്ളത്തിൽനിന്ന് ലോഹ ഘടകങ്ങൾ നീക്കുന്നതും. സോഡിയം ഹൈഡ്രോക്സൈഡ് ശരീരത്തിലെത്തിയാൽ തൊലി നശിച്ചുപോകും. മുടി കൊഴിച്ചിലുണ്ടാകും. വയറ്റിലെത്തിയാൽ മരണം സംഭവിക്കും.