
വെളളിത്തിരയിൽ ആക്ഷൻ രംഗങ്ങൾകൊണ്ടും തർപ്പൻ ഡയലോഗുകൾകൊണ്ടും കാണികളെ അമ്പരപ്പിക്കുന്നയാളാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. എന്നാൽ ഇതേ പൃഥ്വിരാജിനെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ് മകൾ അലംകൃത. സിറിയയിൽ പോകണം എന്നാണ് അലംകൃതയുടെ ഇപ്പോഴത്തെ ആഗ്രഹം. ആഗ്രഹം കേട്ടമ്പരന്ന പൃഥ്വിയേയും സുപ്രിയയേയും വീണ്ടും അമ്പരപ്പിച്ചുകൊണ്ട് മകൾ പറഞ്ഞത് യൂസ്റ മർദീനിയെ കുറിച്ചാണ്.

രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് അല്ലി മോൾക്ക് വായിക്കാൻ നൽകിയ പുസ്തകങ്ങളിൽ ഒന്നിൽ നിന്നുമാണ് യൂസ്റ അവളുടെ കുഞ്ഞ് മനസിൽ ഇടംപിടിച്ചത്. സിറിയയിലെ നീന്തൽ താരമാണ് യൂസ്റ. ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ കുട്ടിക്കാലമായിരുന്നു യൂസ്റയുടേത്. അഭയാർത്ഥിയായി ജർമനിയിലെത്തി വിജയം കൈപ്പിടിയിലൊതുക്കിയ യുവതിയാണ് ഈ ഇരുപത്തിരണ്ടുകാരി. 'ഗുഡ് നൈറ്റ് സ്റ്റോറീസ് ഫോർ റിബൽ ഗേൾസ്' എന്ന പുസ്തകം യൂസ്റയുടെ ജീവിതം പറയുന്ന ചെറുകഥാ സമാഹാരമാണ്. ജീവൻ പണയം വച്ച് ജീവിതത്തിലേക്കു നീന്തിക്കയറിയ പെൺകുട്ടിയാണ് യൂസ്റ.

അല്ലി മോൾ വായ്ച്ച പുസ്തകവും 'ഗുഡ് നൈറ്റ് സ്റ്റോറീസ് ഫോർ റിബൽ ഗേൾസ്' ആണ്. അല്ലിക്ക് ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ട പുസ്തകം 'ഗുഡ് നൈറ്റ് സ്റ്റോറീസ് ഫോർ റിബൽ ഗേൾസ്' ആണെന്ന് സുപ്രിയ പറയുന്നു. ഒപ്പം ഇന്നത്തെ കാലത്തെ ഒരു ആറ് വയസുകാരി എന്തെല്ലാം വിവരങ്ങൾ മനസിലാക്കുന്നു എന്ന കൗതുകവും സുപ്രിയ പങ്കുവെയ്ക്കുന്നു.
