protest

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച സമരക്കാർക്കെതിരെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

‘സർക്കാരേ കണ്ണു തുറക്കൂ’ എന്നെഴുതിയ ബോർഡുകളുമായി സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിലെ കെട്ടിടത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. നാല് ഉദ്യോഗാർഥികളാണു കെട്ടിടത്തിലേക്ക് ഓടിക്കയറിയത്.

പൊലീസ് പിന്നാലെ കയറി പ്രതിഷേധക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു. സർവകലാശാല കത്തിക്കുത്ത് കേസിനെത്തുടർന്ന് സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിലെ നിയമനം മുടങ്ങിയിരുന്നു. പിന്നീട് കൊവിഡ് വന്നതിനാൽ നിയമനം നടന്നുമില്ല. റദ്ദായ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നിയമനം നടത്തണമെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്.