
ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ 2018-19ൽ 1.78 ലക്ഷം കോടി രൂപയുടെ ലാഭം സംയുക്തമായി രേഖപ്പെടുത്തിയെന്ന് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ട്. 247 കമ്പനികളാണ് ലാഭം കുറിച്ചത്. ഇതിൽ, 73 ശതമാനവും സംഭാവന ചെയ്‌തത് പെട്രോളിയം, കൽക്കരി, ഇഗ്‌നൈറ്റ്, ഊർജ മേഖലയിലെ കമ്പനികളാണ്. മറ്റ് 189 കമ്പനികൾ കുറിച്ചത് 1.4 ലക്ഷം കോടി രൂപയുടെ നഷ്‌ടമാണ്. ഇതിൽ 77 കമ്പനികളുടെ അറ്റ മൂല്യം തന്നെ നഷ്‌ടത്തിൽ ഒലിച്ചുപോയി.
ഈ കമ്പനികളുടെ സംയുക്ത അറ്റ മൂല്യം ഇപ്പോൾ നെഗറ്റീവ് 83,394 കോടി രൂപയാണ്. 100 പൊതുമേഖലാ സ്ഥാപനങ്ങൾ 71,857 കോടി രൂപയുടെ ലാഭവിഹിതം 2018-19ൽ പ്രഖ്യാപിച്ചിരുന്നു. ഇതിൽ 36,709 കോടി രൂപയും കേന്ദ്ര സർക്കാരിനുള്ളതാണ്. ഇത്, കേന്ദ്രം ഈ കമ്പനികളിൽ നടത്തിയ മൊത്തം നിക്ഷേപമായ നാലുലക്ഷം കോടി രൂപയുടെ 9.16 ശതമാനമാണ്. 434 കമ്പനികളുടെ കണക്കുകളാണ് സി.എ.ജി പരിശോധിച്ചത്.
ലാഭം കുറിച്ച 247 കമ്പനികളിലെ ഓഹരി നിക്ഷേപത്തിൽ നിന്ന് സർക്കാരിന് ലഭിച്ച ലാഭം (റിട്ടേൺ) 18.58 ശതമാനമാണ്. 2017-18ൽ 225 കമ്പനികൾ ചേർന്ന് 19.03 ശതമാനം റിട്ടേൺ നൽകിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിൽ കേന്ദ്രത്തിന്റെ ഇക്വിറ്റി നിക്ഷേപം 40,370 കോടി രൂപയുടെ വർദ്ധന 2017-18ൽ കുറിച്ചു. സർക്കാർ അനുവദിച്ച വായ്‌പകളിലെ വർദ്ധന 60,699 കോടി രൂപയാണ്. 2018-19ലെ കണക്കനുസരിച്ച് മൊത്തം വായ്പ 1.49 ലക്ഷം കോടി രൂപയാണ്.
₹14.29 ലക്ഷം കോടി
ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്‌ത 54 പൊതുമേഖലാ കമ്പനികളുടെ സംയുക്തമൂല്യം 2018-19ൽ 14.29 ലക്ഷം കോടി രൂപയാണ്. ഇതിൽ, സർക്കാരിന് ഇക്വിറ്റി നിക്ഷേപമുള്ളത് 47 കമ്പനികളിലാണ്. അവയുടെ സംയുക്തമൂല്യം 13.35 ലക്ഷം കോടി രൂപയായിരുന്നു.