bpcl

ന്യൂഡൽഹി: പ്രമുഖ പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ) നടപ്പു സാമ്പത്തിക വർഷത്തെ ഒക്‌ടോബർ-ഡിസംബർപാദത്തിൽ 120 ശതമാനം വർദ്ധനയോടെ 2,777.6 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 1,260.6 കോടി രൂപയായിരുന്നു. കൊവിഡിന് മുമ്പത്തെ മികച്ച നിലയിലേക്ക് വിപണി തിരിച്ചെത്തിയിട്ടുണ്ടെന്ന് ബി.പി.സി.എൽ വ്യക്തമാക്കി. കൊവിഡ് കാലത്ത് രാജ്യാന്തര ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞത് ലാഭത്തിൽ പ്രതിഫലിച്ചു.

ഈയിനത്തിൽ മാത്രം 771 കോടി രൂപയുടെ നേട്ടം കമ്പനിക്കുണ്ടായി. വിദേശനാണയ വിനിമയത്തിലെ അനുകൂല സാഹചര്യങ്ങളിലൂടെ 76 കോടി രൂപയുടെ നേട്ടവും ലഭിച്ചു. ഓരോ ബാരൽ ക്രൂഡോയിലും ആഭ്യന്തരാവശ്യത്തിനുള്ള ഇന്ധനമാക്കി മാറ്റുന്നതിലൂടെ കഴിഞ്ഞപാദത്തിൽ ലഭിച്ച നേട്ടം 2.47 ഡോളർ വീതമാണ്. മൊത്തം വില്പന 1.4 ശതമാനം ഉയർന്ന് 86,579.9 കോടി രൂപയായി. റിഫൈനറികളുടെ പ്രവർത്തനം ഇപ്പോൾ 105 ശതമാനമാണ്. 18,000ഓളം പെട്രോൾ പമ്പുകളാണ് രാജ്യത്ത് ബി.പി.സി.എല്ലിനുള്ളത്. കഴിഞ്ഞപാദത്തിൽ പെട്രോൾ വില്പന വളർച്ച 15 ശതമാനമാണ്. ഡീസൽ 31 ശതമാനവും എൽ.പി.ജി ഒമ്പത് ശതമാനവും മെച്ചപ്പെട്ടു.