
പെരിന്തൽമണ്ണ: സംസ്ഥാനപാതയിൽ മങ്കട വേരുംപിലാക്കലിൽ സ്വകാര്യബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് കോഴിക്കോട് മുക്കം സ്വദേശികളായ മൂന്നുപേർ മരിച്ചു. മുക്കം അഗസ്ത്യമുഴി വെങ്ങലത്ത് ചന്ദ്രന്റെ മകനും ഗുഡ്സ് ഓട്ടോ ഡ്രൈവറുമായ ഷിജു(45), മുക്കം കാളന്തോട് വടക്കേക്കണ്ടി പുല്ലുക്കാവിൽ ഗോവിന്ദന്റെ മകൻ സുരേഷ് ബാബു (54), മുക്കം കോഴഞ്ചേരി പാറയ്ക്കൽ ഉണ്ണിക്കായിയുടെ മകൻ മണി (54) എന്നിവരാണ് മരിച്ചത്. ഗുഡ്സ് ഓട്ടോയുടെ മുന്നിലിരുന്ന് സഞ്ചരിച്ചിരുന്നവരാണ് മരിച്ച മൂന്നുപേരും. തൃശൂർ മണ്ണുത്തിയിൽ നിന്നും നഴ്സറിയിലേക്കാവശ്യമായ തൈകൾ വാങ്ങി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നേകാലോടെയായിരുന്നു അപകടം. മഞ്ചേരിയിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന സിൻഡിക്കേറ്റ് എന്ന സ്വകാര്യബസും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒരാൾ വാഹനത്തിൽ നിന്നും തെറിച്ച് വീണു. വാഹനങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന മറ്റ് രണ്ടുപേരെ മുക്കാൽ മണിക്കൂറോളം നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നാട്ടുകാരും മങ്കട പൊലീസും പെരിന്തൽമണ്ണയിൽ നിന്നെത്തിയ ഫയർഫോഴ്സും ട്രോമാകെയർ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഗുഡ്സ് ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു.
പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.