
കാബൂൾ: അഫ്ഗാനിസ്ഥാനിൽ രണ്ടിടത്തായി നടന്ന ആക്രമണങ്ങളിൽ നാല്സർക്കാർ ഉദ്ധ്യോഗസ്ഥരും നാല് പൊലീസുകാരും കൊല്ലപ്പെട്ടു. കാബൂളിൽ തോക്കുധാരികൾ ബാഗ് ഇ ദൗദ് പരിസരത്ത് നടത്തിയ വെടിവയ്പ്പിലാണ് ഗ്രാമവികസന മന്ത്രാലയത്തിലെ നാല് ജീവനക്കാരെ കൊലപ്പെടുത്തിയത്. പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിലെ സെൻഡ ജാൻ ജില്ലയിൽ റോഡരികിൽ കാറിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തറിച്ച് നാല് പൊലീസ് ഉദ്ധ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ആക്രമണത്തിൽ ഇതുവരെ ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. സെപ്റ്റംബറിൽ ഖത്തരിൽ ആരംഭിച്ച താലിബാനും സർക്കാർ പ്രതിനിധികളും തമ്മിലുള്ള സമാധാന ചർച്ചകൾ ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഇതിന് ശേഷം അഫ്ഗാനിസ്ഥാനിൽ ആക്രമണങ്ങൾ പതിവായിരിക്കുകയാണ്.
അതേസമയം, രാജ്യത്തെ രാഷ്ട്രീയക്കാർ, മാദ്ധ്യമപ്രവർത്തകർ, ജഡ്ജിമാർ, മതപണ്ഡിതന്മാർ എന്നിവരുൾപ്പടെയുള്ള പ്രമുഖരെ ലക്ഷ്യമിട്ട് തലസ്ഥാനമായ കാബൂളിൽ ആക്രമണങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ട്.
കഴിഞ്ഞദിവസം തലസ്ഥാനത്ത് മൂന്ന് ബോംബ് ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഞെട്ടലിൽ നിന്നും ജനം വിട്ടുമാറുന്നതിന് മുന്നെയാണ് വീണ്ടും ആക്രമണം നടന്നത്. കഴിഞ്ഞ ആഴ്ച ജഡ്ജിയായ ഹാഫിസുള്ളയെ ജോലിക്ക് പോകുന്നതിനിടെ കിഴക്കൻ നഗരമായ ജലാലാബാദിൽ വച്ച് കൊലപ്പെടുത്തിയിരുന്നു. ഒരുമാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ കോടതി ജഡ്ജിയാണ് ഇദ്ദേഹം. ജനുവരി 17ന് കാബൂളിലെ രണ്ട് വനിതാ ജഡ്ജിമാരെ അജ്ഞാതർ വെടിവച്ചുകൊന്നിരുന്നു. കഴിഞ്ഞവർഷം ഒക്ടോബർ1 മുതൽ ഡിസംബർ 31 വരെ 2586 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 810പേർകൊല്ലപ്പെടുകയും 1776 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് സ്പെഷ്യൽ ഇൻസ്പെക്ടർ ജനറൽ ഫോർ അഫ്ഗാനിസ്ഥാൻ റീകൺസ്ട്രക്ഷന്റെ(സിഗാർ) റിപ്പോർട്ടിൽ പറയുന്നത്.