
ദോഹ: ക്ലബ് ലോകകപ്പ് സെമിയിൽ ആഫ്രിക്കൻ ക്ലബ് അൽ അഹ്ലിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി യൂറോപ്യൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് ഫൈനലിലെത്തി.
സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ട ഗോളുകളാണ് ബയേണിന് വിജയമൊരുക്കിയത്. മെക്സിക്കൻ ക്ലബ് ടൈഗേഴ്സാണ് ഫൈനലിൽ ബയേണിന്റെ എതിരാളികൾ.
ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പതിനേഴാം മിനിട്ടിൽ ലെവൻഡോവ്സ്കി ബയേണിനെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിൽ എൺപത്തിയാറാം മിനിട്ടിലാണ് ലെവൻഡോസ്കി അൽ അഹ്ലിയുടെ പോസ്റ്റിൽ രണ്ടാം ഗോൾ നിക്ഷേപിച്ചത്.
32 മത്സരങ്ങളിലെ തോൽവി അറിയാതെയുള്ള അൽ അഹ്ലിയുടെ കുതിപ്പിനാണ് ബയേൺ കടിഞ്ഞാണിട്ടത്.
നിലവിൽ ബുണ്ടസ് ലിഗയിൽ 27 മത്സരങ്ങളിൽ നിന്നും 29 ഗോളുകൾ ലെവൻഡോവ്സ്കി നേടിക്കഴിഞ്ഞു.
ക്ലബ് ലോകകപ്പ് ചാമ്പ്യൻമാരായാൽ ബാഴ്സലോണയ്ക്ക് ശേഷം എല്ലാം അന്താരാഷ്ട്ര കിരീടങ്ങളും സ്വന്തമാക്കുന്ന ടീമെന്ന റെക്കാഡ് ബയേണിന് സ്വന്തമാക്കാം.
ബ്രസീലിയൻ ക്ലബ് പൽമീരാസിനെ സെമിയിൽ തോൽപ്പിച്ചാണ് ടൈഗേഴ്സ് കലാശക്കളിക്ക് യോഗ്യത നേടിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അവരുടെ ജയം.
ആന്ദ്രേ പിയറേ ജിഗനാക്കാണ് പെനാൽറ്രിയിലൂടെ ടൈഗേഴ്സിന്റെ വിജയ ഗോൾ നേടിയത്.