
തിരുവനന്തപുരം: പള്ളിപ്പുറത്ത് സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം. അണ്ടൂര്‍കോണം പള്ളിച്ച വീട് മുൻ വാര്‍ഡംഗം ശിവപ്രസാദിന്റെ പള്ളിപ്പുറത്തെ വീടാണ് ആക്രമിക്കപ്പെട്ടത്. വീടിന് നേരെ നാടൻ ബോംബ് എറിഞ്ഞ ശേഷമാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. വീടിന്റെ ജനൽ ചില്ലുകളും ഇരുചക്ര വാഹനവും സംഘം തല്ലിത്തകർത്തിട്ടുണ്ട്.
ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. സംഭവത്തെക്കുറിച്ച് ശിവപ്രസാദ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബിജെപി പ്രവർത്തകനായ ശിവപ്രസാദ് അടുത്തിടെയാണ് സിപിഎമ്മിൽ ചേർന്നത്. ഇദ്ദേഹത്തോടൊപ്പം ഇരുപത്തിയഞ്ചോളം പേർ ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിക്ക് കാരണക്കാരനായത് ശിവപ്രസാദാണെന്ന് ആരോപിച്ചുകൊണ്ട് ഫെയ്‌സ്ബുക്കിലും മറ്റുമായി ബിജെപി പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ അധിക്ഷേപിച്ചിരുന്നു.
ഇക്കാര്യത്തിൽ നേതൃത്വം നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ശിവപ്രസാദും മറ്റ് ഇരുപത്തിയഞ്ചോളം ആൾക്കാരും പാര്‍ട്ടി വിട്ടത്. ഫോറന്‍സിക് വിദഗ്ധര്‍ ശിവപ്രസാദിന്റെ വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തില്‍ മംഗലപുരം പൊലീസിന്റെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.