amit-shah

രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെയും ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയ്‌ക്കെതിരെയും വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് എംപി ആധിർ രഞ്ചൻ ചൗദ്ധരി. വരുന്ന നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷാ നടത്തിയ ബംഗാൾയാത്രക്കിടെ ശാന്തിനികേതനിലെ രവീന്ദ്രഭവനിലെ ടാഗോറിന്റെ കസേരയിൽ ഷാ ഇരുന്നതായി അദ്ദേഹം ആരോപിച്ചിരുന്നു. ടാഗോർ ശാന്തിനികേതനിലാണ് ജനിച്ചതെന്ന് ജെപി നദ്ദ പറഞ്ഞു എന്നതായിരുന്നു ആധിർ രഞ്ചൻ ചൗദ്ധരി ഉന്നയിച്ച മറ്റൊരു ആക്ഷേപം.

കഴിഞ്ഞ വർഷം അവസാനമായിരുന്നു രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ ബംഗാളിൽ എത്തിയത്. അദ്ദേഹം ശാന്തിനികേതനിലെ വിശ്വഭാരതി യൂണിവേഴ്സിറ്റി സന്ദർശിക്കുകയും വെളളത്തുണികൊണ്ട് മൂടിയ ടാഗോറിന്റെ കസേരയിൽ പുഷ്പാഭിഷേകം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതേ ചിത്രങ്ങൾ ആഭ്യന്തര വകുപ്പിന്റെ വെബ്‌സൈറ്റിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

amit

ഈ ചിത്രങ്ങളോടൊപ്പം തന്നെ മറ്റൊരു കസേരയിൽ ഇരുന്ന് അമിത് ഷാ സന്ദർശക രജിസ്റ്ററിൽ ഒപ്പിടുന്ന ചിത്രവും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങളാണ് ടാഗോറിന്റെ കസേരയെ കളങ്കപ്പെടുത്തി എന്ന പേരിൽ സമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിനെ അടിസ്ഥാനമാക്കിയാണ് ആധിർ രഞ്ചൻ ചൗദ്ധരി അമിത് ഷായ്‌ക്കെതിരെ വ്യാജ ആരോപണം സഭയിൽ ഉന്നയിച്ചതും.

amit-bjp

ഡിസംബർ 9, 10 തീയതികളിലായാണ് നദ്ദ ബംഗാൾ സന്ദർശിച്ചത്. സന്ദർശനവേളയിൽ കൊൽക്കത്തയിലെ ഹേസ്റ്റിംഗ്സിൽ ബിജെപിയുടെ പശ്ചിമ ബംഗാൾ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസ് അദ്ദേഹം ഉദ്ഘാടനം ചെയ്തിരുന്നു. കൊൽക്കത്തയിൽ നദ്ദ നടത്തിയ പ്രസംഗത്തിലെവിടെയും തന്നെ ടാഗോർ ശാന്തിനികേതനിലാണ് ജനിച്ചത് എന്ന് പറയുന്നില്ല. പശ്ചിമ ബംഗാൾ ആശയ വിനിമയത്തിന് പേരുകേട്ടനാടാണ്. വിശ്വഭാരതി ഇവിടെയുണ്ട്, രവീന്ദ്രനാഥ ടാഗോർ ഇവിടെ ജനിച്ചു... എന്നുമാണ് അദ്ദേഹം പറയുന്നത്. ഇതിൽ നിന്നെല്ലാം തന്നെ ആധിർ രഞ്ചൻ ചൗദ്ധരി അമിത് ഷായ്ക്കും നദ്ദയ്ക്കുമെതിരെ നടത്തിയ ആരോപണങ്ങളെല്ലാം തന്നെ വ്യാജമാണെന്ന് വ്യക്തമാണ്.

അതേസമയം ആധിർ രഞ്ചൻ ചൗദ്ധരിയുടെ ആരോപണം തളളി അമിത് ഷായും രംഗത്തെത്തി. താൻ ടാഗോറിന്റെ കസേരയ്ക്കരികിലുളള ജനാലയിൽ മാത്രമാണ് ഇരുന്നത്. അവിടെ ആർക്കും ഇരിക്കാവുന്നതാണ്. ടാഗോറിനെ അപമാനിക്കുന്നതരത്തിലുളള ഒരു നടപടിയും തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിശ്വഭാരതി വൈസ് ചാൻസിലറുടെ കത്ത് തന്റെ പക്കലുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.