
മെൽബൺ : ആസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ് സ്ലാം ടെന്നിസ് ടൂർണമെന്റിൽ മുൻ ചാമ്പ്യൻ വിക്ടോറിയ അസരങ്ക ആദ്യ റൗണ്ടിൽ അമേരിക്കൻ കൗമാര താരം ജെസ്സിക പെഗുലയോട് തോറ്ര് പുറത്തായി.
2012-ലും 2013-ലും ആസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ചൂടിയ അസരങ്ക നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽവി വഴങ്ങിയത്. സ്കോർ: 5-7, 4-6.
നിലവിൽ ലോകറാങ്കിംഗിൽ 12-ാം സ്ഥാനത്താണ് അസരങ്ക. ജെസ്സിക്ക 61-ാം സ്ഥാനത്തും.
അതേസമയം അമേരിക്കൻ യുവ സെൻസേഷൻ സൊലയ്ൻ സ്റ്റെഫാൻസ് യൂലിയ പുടിസേവയോട് തോറ്റു. ആദ്യ സെറ്റ് 4-6ന് നഷ്ടമാക്കിയ യൂലിയ തുടർന്നുള്ള സെറ്റുകൾ 6-2,6-3ന് സ്വന്തമാക്കിയാണ് വിജയം സ്വന്തമാക്കിയത്. മുഗുരുസ, കെനിൻ, കുസ്നെട്സോവ, പ്ലിസ്കോവ എന്നിവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
പുരുഷ സിംഗിൾസിൽ സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാൽ രണ്ടാം റൗണ്ടിൽ കടന്നു. സെർബിയയുടെ ലാസ്ലോ യേരെയെയാണ് താരം കീഴടക്കിയത്. സ്കോർ: 6-3, 6-4, 6-1. ഇന്ത്യൻ താരം സുമിത് നാഗൽ പുറത്തായി.
ലിത്വാനിയയുടെ റിക്കാർഡസ് ബെരാൻകിസിനോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റാണ് സുമിത് പുറത്തായത്. സ്കോർ: 6-2, 7-5, 6-3.
ലോക 73-ാം റാങ്കുകാരനായ ബെരാൻകിസ് ഏറെക്കുറെ അനായാസമാണ് സുമിതിന്റെ വെല്ലുവിളി മറികടന്നത്. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് സുമിത് ആസ്ട്രേലിയൻ ഓപ്പണ്‍ യോഗ്യത നേടിയത്.