
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മിന്നൽപ്രളയത്തിൽ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മുപ്പത്തിയൊന്ന് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. കാണാതായ മലയാളികൾക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
മുപ്പത്തഞ്ചോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്ന തുരങ്കത്തിൽ ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ നടത്തി. വെള്ളവും ചെളിയും പാറക്കഷണങ്ങളും നിറഞ്ഞതിനാൽ തുരങ്കത്തിലേക്ക് പ്രവേശിക്കുന്നത് ദുഷ്‌കരമാണ്. കരസേന, നാവിക കമാൻഡോ സംഘം, ഐ.ടി.ബി.പി., ദുരന്ത നിവാരണസേന എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ചെളി നീക്കാൻ അത്യാധുനിക മെഷീനുകളും ട്രാക്‌ടറുകളുമാണ് ഉപയോഗിക്കുന്നത്. എല്ലാവരെയും രക്ഷിക്കാമെന്നാണ് പ്രതീക്ഷയെന്ന് ഐ.ടി.ബി.പി. വക്താവ് വിവേക് കുമാർ പാണ്ഡെ പറഞ്ഞു.
പ്രളയത്തിൽ അഞ്ച് പാലങ്ങൾ ഒലിച്ചുപോയിരുന്നു. പതിമൂന്നിലധികം ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ഈ ഗ്രാമങ്ങളിലേക്കെത്താൻ രക്ഷാപ്രവർത്തകർ ശ്രമിക്കുകയാണ്. ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ഭക്ഷണം വിതരണം ചെയ്യും.170 പേരെയാണ് ദുരന്തത്തിൽ കാണാതായതെന്ന് സർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു.