അരുമാനൂർ: ഗുരുദേവ ദർശനം ഉൾക്കൊണ്ട് സ്വജീവിതം സമൂഹത്തിന്റെയാകെ

ഗുണത്തിനായി വിനിയോഗിച്ച ഗുരുനാഥനാണ് കഴിഞ്ഞ ദിവസം വിടപറഞ്ഞ അരുമാനൂർ പാർവതി സദനത്തിൽ 'കുഞ്ഞുകൃഷ്ണൻ സാർ' എന്ന ജി.കുഞ്ഞുകൃഷ്ണൻ.

വിദ്യ കൊണ്ടു പ്രബുദ്ധരാകാനുള്ള ഗുരുവചനം ശിരസിലേറ്റി അദ്ധ്യാപകനായും, രണ്ട്

പ്രമുഖ ഗ്രന്ഥശാലകളുടെ സ്ഥാപകരിലൊരാളായും ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന

അദ്ദേഹം, പിന്നിട്ട തലമുറകൾക്ക് പ്രചോദകനും മാർഗദർശിയുമായി. നിർദ്ധനരായ നിരവധി കുട്ടികൾക്ക് ഉപരിപഠനത്തിന് സഹായഹസ്തമേകി. എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ കൗൺസിലറായി പത്തു വർഷക്കാലം പ്രവർത്തിച്ചു. ജനപങ്കാളിത്തത്തോടെ അരുമാനൂർ ശാഖാമന്ദിരം പടത്തുയർത്തുന്നതിലും മുൻപന്തിയിൽ നിന്നു. നെയ്യാറ്റിൻകര താലൂക്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിന് നിതാന്തം പരിശ്രമിച്ച അദ്ദേഹം, ശ്രീനാരായണീയൻ, സാംസ്കാരിക പ്രവർത്തകൻ, അദ്ധ്യാപകൻ,സംഘാടകൻ,വാഗ്മി, സഹകാരി,മദ്യ വിരുദ്ധ പ്രവർത്തകൻ തുടങ്ങിയ മേഖലകളിൽ ഏഴ് പതിറ്റാണ്ടത്തെ നിസ്വാർത്ഥവും കർമ്മനിരതവുമായ ജീവിതത്തിനുടമയാണ്.

ശ്രീനാരായണ ഗുരുദേവൻ ബാലാലയ പ്രതിഷ്ഠ നടത്തിയ അരുമാനൂർ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിൽ 19-ാം വയസിൽ സെക്രട്ടറിയും ക്ഷേത്രത്തിന്റെ വളർച്ചയിൽ പങ്കാളിയുമായി. പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിതമായ എസ്.എൻ.എസ്, വിദ്യാഭിവർദ്ധിനി ഗ്രന്ഥശാലകൾ നാട്ടിലെ സാംസ്കാരിക മുതൽക്കൂട്ടാണ്. പൂവാർ സർവീസ് സഹകരണസംഘം, ഹരിജൻ സൊസൈറ്റി, അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂൾ സൊസൈറ്റി,ബോധി വനിതാ സഹകരണസംഘം എന്നിവ സ്ഥാപിക്കാനും മുന്നിട്ടിറങ്ങി.