jet-sky-

കൊല്ലം: അഷ്ടമുടി കായലിൽ ആർത്തുല്ലസിക്കാൻ ജെറ്റ് സ്‌കൈയും ഫ്‌ളൈ ബോർഡും എത്തി. 110 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ജെറ്റ് സ്‌കൈയിൽ ഓടിക്കുന്ന ആൾക്ക് പുറമേ ഒരാൾക്ക് കൂടി സഞ്ചരിക്കാം. അഷ്ടമുടി കായലിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള അഷ്ടമുടി ലേക്ക് വ്യൂ പദ്ധതിയുടെ ഭാഗമായാണ് ജെറ്റ് സ്‌കൈയും ഫ്‌ളൈ ബോർഡും എത്തിച്ചത്.

ജലാശയങ്ങളിൽ മുങ്ങിയും പൊങ്ങിയും തിമിർക്കാൻ കഴിയുന്നതാണ് ഫ്‌ളൈ ബോർഡ്. ഷൂവിന്റെ മാതൃകയിലുള്ള പരസ്പരം ബന്ധിച്ച ബോർഡിൽ സവാരിക്കാരന്റെ കാൽ ബന്ധിക്കും. പിന്നിൽ ഘടിപ്പിച്ചിട്ടുള്ള ട്യൂബ് വഴി വെള്ളം ശക്തമായ സമ്മർദ്ദത്തിൽ എത്തുമ്പോഴാണ് ഫ്‌ളൈ ബോർഡ് തീവ്ര വേഗതയിൽ സഞ്ചരിക്കുക. അഡ്വഞ്ചർ പാർക്ക് കേന്ദ്രീകരിച്ചാകും സർവീസ്. നിരക്ക് നിശ്ചയിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ സാഹസ സവാരിക്ക് അവസരമൊരുങ്ങും. ഇന്ത്യയിൽ ഗോവൻ തീരങ്ങളിലാണ് ജെറ്റ് സ്‌കൈ, ഫ്‌ളൈ ബോർഡ് വിനോദത്തിന് കൂടുതലായി അവസരമുള്ളത്.

സുരക്ഷകളോടെ കറ്റമാരനും

വൈകാതെ തന്നെ ഒരു 'കറ്റമാരൻ' (ബോട്ട്) കൂടിയെത്തും. അഷ്ടമുടി കായലിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾക്ക് പുറമേ കൊല്ലം ആലപ്പുഴ ദേശീയ ജലപാതയിലുമാകും കറ്റമാരന്റെ സഞ്ചാരം. കൊല്ലം തോട് ഗതാഗത യോഗ്യമാകുമ്പോൾ അവിടേക്കും സർവീസ് നീട്ടും. എയർ കണ്ടീഷൻ, ബയോ ടൊയ്‌ലെറ്റുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങൾക്ക് പുറമേ ഉയർന്ന സുരക്ഷാസംവിധാനങ്ങളുമുള്ള ബോട്ടാണ് വരുന്നത്. 45 പേർക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടാകും. കേരള ഇൻലാൻഡ് നാവിഗേഷൻ കോപ്പറേഷനാണ് കറ്റമാരന്റെ നിർമ്മിക്കുന്നത്.

ആകെ ചെലവ്: 2.12 കോടി