
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴി വി കെ ശശികല മദ്രാസ് ഹൈക്കോടതിയിലേക്ക്. അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കിയത് ചട്ടവിരുദ്ധമാണെന്നാണ് ശശികലയുടെ ആരോപണം.
ജനറൽ കൗൺസിൽ വിളിക്കാൻ അധികാരം നൽകണമെന്ന് കൂടി ആവശ്യപ്പെട്ടാണ് ശശികല കോടതിയെ സമീപിക്കുന്നത്. നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ശശികല തമിഴ്നാട്ടിൽ തിരിച്ചെത്തിയത്. ഗംഭീര വരവേൽപ്പായിരുന്നു അനുയായികൾ ശശികലയ്ക്ക് നൽകിയത്. താൻ സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകുമെന്ന് ശശികല വ്യക്തമാക്കിയിരുന്നു.
ശക്തിപ്രകടനത്തിന് പിന്നാലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ഒരുങ്ങുകയാണ് ശശികല പക്ഷം. താൻ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണെന്ന് അവകാശപ്പെട്ട് എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. 123 പേരില്‍ അറുപത് എംഎല്‍എമാര്‍ പിന്തുണ അറിയിച്ചതായാണ് അവകാശവാദം.
അതേസമയം ശശികലയുടെ 250 കോടിയുടെ സ്വത്തുക്കൾ കൂടി തമിഴ്നാട് സർക്കാർ കണ്ടുകെട്ടി. ബിനാമി പേരിലുള്ള കാഞ്ചീപുരത്തെ 144 ഏക്കർ ഫാം ഹൗസ്, ചെന്നൈ അതിർത്തിയിലെ 14 ഏക്കർ ഭൂമി, മൂന്ന് വസതികൾ എന്നിവയാണ് സർക്കാർ ഏറ്റെടുത്തത്. ദിവസങ്ങൾക്ക് മുന്നിൽ ചെന്നൈയിലുള്ള ശശികലയുടെ 100 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.