
തിരുവനന്തപുരം: വേളിയിലെ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിലെ ഗ്ളാസ് ഫർണസ് പൊട്ടിയുണ്ടായ ചോർച്ചയെ തുടർന്ന് കടലിൽ എണ്ണ പരന്നതോടെ മത്സ്യബന്ധനം തടസ്സപ്പെടും. അടുത്ത രണ്ട് മാസത്തേങ്കിലും കടലിൽ മത്സ്യബന്ധനം നടത്താനാകാത്ത സ്ഥിതിയിലേക്കാണ് ഈ സംഭവം മത്സ്യത്തൊഴിലാളികളെ കൊണ്ടെത്തിച്ചിരിക്കുന്നത്. കടലിൽ എത്രത്തോളം എണ്ണ പടർന്നിട്ടുണ്ടെന്ന് കൃത്യമായി കണക്കാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇതിനായി വിദഗ്ദ്ധരുടെ സേവനം വേണ്ടിവരും. എണ്ണവ്യാപനത്തിന്റെ വ്യാപ്തി എത്രയെന്ന് അറിയാൻ കോസ്റ്റ്ഗാർഡും നിരീക്ഷണം തുടങ്ങി.
മത്സ്യസമ്പത്തിന് ഭീഷണി
നിലവിൽ വെട്ടുകാട് മുതൽ വേളി വരെ രണ്ടു കിലോമീറ്ററോളം എണ്ണ പടർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് പ്രതികൂലമായി ബാധിച്ചിരിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും അനുബന്ധ തൊഴിൽ ചെയ്യുന്നവരെയുമാണ്. വെട്ടുകാട്, വേളി ഭാഗങ്ങളിലായി മൂവായിരത്തിൽപ്പരം മത്സ്യത്തൊഴിലാളികളാണ് കടലിൽ ഉപജീവനം തേടുന്നത്. കരയിൽ വ്യാപകമായ തോതിൽ എണ്ണ പടർന്നതിനാൽ മത്സ്യബന്ധനം സാദ്ധ്യമാകാതെ വരുന്നത് കമ്പവല, കട്ടമരം എന്നിവയെല്ലാം വലിച്ചു കയറ്റുന്ന തൊഴിലാളികളുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കും. കടലിൽ പോയാലും ആവശ്യത്തിന് മീൻ കിട്ടാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് കൂനിന്മേൽ കുരു എന്ന പോലെ എണ്ണചോർച്ച കൂടി ഉണ്ടായത്. ഇപ്പോൾ പ്രതിദിനം 5000 രൂപയുടെ മീൻ മാത്രമാണ് ഒരു ഉടമയ്ക്ക് കിട്ടുന്നത്. രണ്ട് മാസത്തേക്ക് മത്സ്യബന്ധനം നടത്താനാകാതെ വന്നാൽ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുകയെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
ചോർന്ന എണ്ണയിൽ രാസവസ്തുക്കൾ ഉള്ളതിനാൽ തന്നെ മത്സ്യസമ്പത്തിനെയും ഇത് പ്രതികൂലമായി ബാധിക്കും. കൂടുതലായും പ്രതലത്തിൽ ജീവിക്കുന്ന മത്സ്യങ്ങളായ പൊടിമീൻ, ചാള, കൊഴിയാള, നത്തോലി എന്നിവയെല്ലാം ചത്തൊടുങ്ങുന്നതിന് കാരണമാകുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പഴകിയ മത്സ്യങ്ങൾ വ്യാപകമായി തലസ്ഥാനത്ത് എത്തിക്കുമ്പോഴും ജില്ലയിലെ പരമ്പരാഗത മീൻപിടിത്തക്കാർ വള്ളങ്ങളിൽ കൊണ്ടുവരുന്ന മീൻ ജനങ്ങൾക്ക് ആശ്വാസമായിരുന്നു. എന്നാൽ, എണ്ണ ചോർച്ചയെ തുടർന്നുണ്ടായ സ്ഥിതി മീൻ ലഭ്യതയും കുറയും. അതേസമയം, എണ്ണ ഉൾക്കടലിലേക്ക് പടരാതിരുന്നത് മാത്രമാണ് ഏക ആശ്രയം. ചോർച്ചയുണ്ടായ സമയത്ത് ശക്തമായ കാറ്റും തിരയും ഉണ്ടായിരുന്നതിനാൽ എണ്ണ തീരത്ത് തന്നെ അടിഞ്ഞു കൂടുകയായിരുന്നു.