ned-price

വാഷിംഗ്ടൺ : ജോ ബൈഡന് കീഴിലും അമേരിക്ക വിദേശനയങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തില്ലെന്ന പ്രതീക്ഷ നൽകി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസിന്റെ പത്രസമ്മേളനം. തങ്ങളുടെ സുഹൃദ് രാജ്യങ്ങളുടേയും പങ്കാളികളുടേയും താത്പര്യങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം സൂചന നൽകി. ഇന്ത്യ ചൈന അതിർത്തി സംഘർഷത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അമേരിക്കയുടെ നിലപാടിനെ കുറിച്ചുള്ള വ്യക്തമായ മറുപടിയാണ് നെഡ് പൈസ് നൽകിയത്.
അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന ചൈനയുടെ നയത്തെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.

ലഡാക്കിൽ മാസങ്ങളായി തുടരുന്ന ഇന്ത്യ ചൈന അതിർത്തി പ്രശ്നത്തെ കുറിച്ചുള്ള ചോദ്യത്തിന് 'ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെയും ചൈനയിലെയും സർക്കാരുകൾ തമ്മിലുള്ള ചർച്ചകൾ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്, നേരിട്ടുള്ള സംഭാഷണത്തിനും അതിർത്തി തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനും ഞങ്ങൾ പിന്തുണ നൽകുന്നു,' വെന്ന് അദ്ദേഹം പ്രതികരിച്ചു.

കൊവിഡ് മഹാമാരി ലോകം മുഴുവൻ പടരുന്ന വേളയിലാണ് ചൈന ഇന്ത്യൻ മണ്ണിലേക്ക് കടക്കാൻ ശ്രമിച്ചത്. ഇതിനെ ഇന്ത്യൻ സൈന്യം എതിർക്കുകയായിരുന്നു. കഴിഞ്ഞ മേയ് മാസം മുതൽ ലഡാക്കിൽ ഇത്തരത്തിൽ ഇരുരാജ്യവും യുദ്ധസമാനമായ സൈനിക നീക്കങ്ങളാണ് നടത്തിയത്. എന്നാൽ പിന്നീട് ഇരു രാജ്യങ്ങളുടേയും സർക്കാരുകൾ ഇടപെട്ട് നിരവധി തവണ സമാധാന ചർച്ചകൾ നടത്തിയിരുന്നു. സമാധാനം പുനസ്ഥാപിക്കുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നുവെങ്കിലും സൈനികരെ പൂർണമായും പിൻവലിക്കുന്ന അവസ്ഥയിലേക്ക് ഇനിയും എത്തിയിട്ടില്ല.

പതിവ് പത്രസമ്മേളനത്തിൽ ഭരണമാറ്റത്തിലും അമേരിക്കയുടെ നയങ്ങളിൽ പ്രത്യേകിച്ച് വിദേശ നയങ്ങളിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്ന സൂചനയും നെഡ് പ്രൈസ് നൽകുകയുണ്ടായി. ജനാധിപത്യ മൂല്യങ്ങളെ പിന്തുണയ്ക്കാൻ അമേരിക്ക എല്ലായ്‌പ്പോഴും പ്രതിജ്ഞാബന്ധമാണെന്നും, ഇത് ഇന്ത്യയ്ക്ക് മാത്രമല്ല തങ്ങളുടെ എല്ലാ പങ്കാളികളോടും ഇതേ നിലപാടായിരിക്കുമെന്ന സൂചനയും അദ്ദേഹം നൽകുകയുണ്ടായി.