
കൊച്ചി: പണം വാങ്ങിയ ശേഷം പരിപാടിയിൽ പങ്കെടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞു. ജസ്‌റ്റിസ് അശോക് മേനോന്റെ ബെഞ്ചാണ് താരത്തിനും ഒപ്പമുളള ഭർത്താവ് ഡാനിയേൽ വെബർ, ജീവനക്കാരൻ സുനിൽ രജനി എന്നിവരുടെയും അറസ്‌റ്റ് വിലക്കിയത്.
അറസ്‌റ്റ് തടഞ്ഞെങ്കിലും കേസിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നൽകി. സണ്ണി ലിയോണിനെ ചട്ടം 41 എ പ്രകാരം നേരത്തെ നോട്ടീസ് നൽകി വേണം ചോദ്യം ചെയ്യാനെന്നും കോടതി അറിയിച്ചു. പെരുമ്പാവൂർ സ്വദേശി ഷിയാസ് ഡിജിപിയ്‌ക്ക് നൽകിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. തുടർന്ന് കേസിൽ പ്രാഥമികാന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് കഴിഞ്ഞയാഴ്‌ച തിരുവനന്തപുരം പൂവാറിൽ ഷൂട്ടിംഗിന് വന്ന സണ്ണി ലിയോണിനെ ഇവിടെവച്ച് ചോദ്യം ചെയ്‌തു. എന്നാൽ കരാറിൽ പറഞ്ഞിരുന്ന തുക നൽകാതെ നിർബന്ധിച്ച് പങ്കെടുപ്പിക്കാനും വഞ്ചിക്കാനും ശ്രമിച്ചെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ സണ്ണിലിയോൺ ചൂണ്ടിക്കാട്ടിയിരുന്നു. പിഴവ് വന്നത് സംഘാടകർക്കാണെന്നും ജാമ്യാപേക്ഷയിൽ നടി സൂചിപ്പിച്ചിരുന്നു.