utharankhand

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ധൗളിഗംഗയിലുണ്ടായ അനിതരസാധാരണമായ വെള്ളപ്പൊക്കത്തിലും അതിനു നിദാനമായ മഞ്ഞുമലയിടിച്ചിലിലും അനേകം ജീവൻ പൊലിഞ്ഞു. വാർത്ത അറിയുമ്പോൾ എല്ലാവരും നടുങ്ങുന്നു; പിന്നെ നമ്മുടെ ജീവിതം സാധാരണനിലയിലേക്കു മടങ്ങുന്നു. ഒന്നാലോചിച്ചാൽ ഈ ദുരന്തത്തിൽ എന്താണ് അദ്ഭുതപ്പെടാനുള്ളത്? കാൽക്കീഴിൽ നിന്ന് മണ്ണ് മുഴുവൻ മാന്തിയെടുത്ത ശേഷം ഒരു ദിവസം ആ കുഴിയിൽ വീണുപോയാൽ അതിൽ ആകസ്മികമായി എന്തെങ്കിലുമുണ്ടോ? ഹിമാലയൻ മലനിരകളിൽ ആവർത്തിക്കുന്ന പാരിസ്ഥിക ദുരന്തങ്ങൾ സ്വയമുണ്ടാവുന്നവയല്ല; ക്ഷണിച്ചു വരുത്തുന്നവയാണ്. ഇവയെ പാരിസ്ഥിക ദുരന്തമെന്നു വിശേഷിപ്പിക്കുന്നതു ശരിയല്ലെന്നും 'സ്വാഭാവികമായ അപകടങ്ങൾ' മാത്രമാണെന്നും പറയുന്നവരുടെ സമീപനമാണ് മഹാദുരന്തം.

ഹിമാലയൻ പരിസ്ഥിതി അത്രമാത്രം ലോലമാണെന്നും, അത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെയും ജീവിതത്തിന്റെയും നിലനിൽപ്പിനു എന്തുമാത്രം അനിവാര്യവും പ്രധാനവുമാണെന്നും അറിയാൻ അക്കാദമിക് ബിരുദമോ അസാമാന്യമായ പാണ്ഡിത്യമോ വേണ്ട. ഉത്തരേന്ത്യൻ നദികളുടെ ജലനിർഗമനത്തെയും കൃഷിയെയും കുടിവെള്ളത്തെയുമെല്ലാം നിയന്ത്രിക്കുന്നത് ഈ പർവതങ്ങളിലെ ഹിമാനികളാകുന്നു. ഹിമാലയത്തിൽ നിന്നാവിർഭവിച്ച് ഗംഗയും യമുനയും ഉത്തരേന്ത്യയുടെ അനുഗ്രഹധാര പോലെ സഹസ്രാബ്ദങ്ങളിലൂടെ പ്രവഹിക്കുകയാണ്. ഭാഗീരഥിയായി, അളകനന്ദയായി, മന്ദാകിനിയായി, അനേകം പോഷകനദികളുമായി സംഗമിച്ച് വളരുന്ന മഹാപ്രവാഹം ഭാരതീയർക്ക് ഗംഗാമാതാവായത് സ്വാഭാവികം. ഹിമാലയത്തിലെ ശീതോഷ്ണതസ്ഥിതിയിലുണ്ടാകുന്ന നേരിയ വ്യതിയാനം പോലും മഞ്ഞുവീഴ്ചയെയും ഹിമപാളികളുടെ രൂപപ്പെടലിനെയും നിർണായകമായി ബാധിക്കും. ഇതൊക്കെ നമുക്കറിയാമെങ്കിലും ഒന്നുമറിയാത്തവരെപ്പോലെ നമ്മൾ ഹിമാലയത്തിന്റെ മലയിടുക്കുകളിൽ പിന്നെയും അണക്കെട്ടുകൾ പണിതു കൊണ്ടിരിക്കുന്നു. തുരങ്കങ്ങൾ നിർമ്മിക്കുന്നു. ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ നാല് പുണ്യസ്ഥലങ്ങളെ കൂട്ടി യോജിപ്പിക്കുന്ന അത്യാധുനിക റോഡുകൾ തീർക്കുന്നു. ഏതൊരു കൊച്ചു ഹിമാലയൻ പട്ടണത്തിലും ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളും വീടുകളും തിങ്ങി ഞെരുങ്ങുന്നു. ഇതിനെയെല്ലാം വികസനത്തിന്റെയും സാമ്പത്തിക നേട്ടങ്ങളുടെയും പേരിൽ നീതീകരിച്ചുകൊണ്ടിരിക്കുകയും, ആ ബുദ്ധിശൂന്യമായ സമീപനത്തെ എതിർക്കുന്നവരെ വികസനവിരുദ്ധരെന്നും ചിലപ്പോൾ രാജ്യദ്രോഹികളെന്നും മുദ്ര‌യടിച്ചു നിശ്ശബ്ദരാക്കുകയും ചെയ്യുന്നു. ഹിമാലയൻ പ്രകൃതി താളം തെറ്റി പ്രക്ഷുബ്ധമാവുമ്പോൾ രക്ഷാപ്രവർത്തനങ്ങൾ നടത്തി സ്വയം വരുത്തിവച്ച കുരുതിയെ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു.

ആഗോളതാപനം നിയന്ത്രിക്കാൻ പ്രേരിപ്പിക്കുന്ന പാരീസ് ഉടമ്പടിയിൽ നിന്ന് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്ക പുറത്തു പോയത് കാലാവസ്ഥ വ്യതിയാനമെന്നത് കുറെ സ്വപ്നജീവികളുടെ കൽപ്പിത കഥയാണെന്നും മിഥ്യാഭീതിയാണെന്നും വിശ്വസിക്കാൻ ശ്രമിക്കുന്ന മുതലാളിത്ത ആത്മവഞ്ചനയാണെന്ന് ധരിക്കണം. അത്തരം ഗവേഷണങ്ങൾ നടത്താൻ സാമ്പത്തിക സഹായവും യഥേഷ്ടം കിട്ടുമത്രേ. കാസർകോട്ടെ മനുഷ്യദുരന്തത്തിനു ഹേതുവായ എൻഡോസൾഫാൻ ആരോഗ്യത്തതിന് ഹാനികരമാണെന്ന് പറയുന്നത് പോലും മണ്ടത്തരമാണെന്നു കണ്ടെത്തിയ നമ്മുടെ ചില ഗവേഷകപ്രതിഭകളുടെ തലതൊട്ടപ്പന്മാരാണ് പാരീസ് ഉടമ്പടിയിൽ നിന്ന് പുറത്തുപോകാൻ അമേരിക്കയെ നിർബന്ധിച്ചത്.

ഉത്തരേന്ത്യക്കു ഹിമാലയം എന്താണോ അതാണ് കേരളത്തിന് പശ്ചിമഘട്ടം. ആ പശ്ചിമഘട്ടം പരിരക്ഷിച്ചില്ലെങ്കിൽ കേരളത്തിന്റെ പരിതോവസ്ഥയും കാലാവസ്ഥയും ജീവിത സന്തോഷങ്ങളുമെല്ലാം അചിരേണ അസ്തമിക്കുമെന്നു മുന്നറിയിപ്പ് തന്ന മാധവ് ഗാഡ്ഗിൽ എന്ന , സത്യം വിളിച്ചു പറഞ്ഞ ശാസ്ത്രജ്ഞനെ കരുണയില്ലാതെ തള്ളിപ്പറഞ്ഞ മലയാളിയും ഒട്ടും മോശക്കാരനല്ല പാരിസ്ഥിക മൗഢ്യത്തിന്റെ കാര്യത്തിൽ. ജീവന്റെ വല (Web of Life) എന്ന ആധുനിക ശാസ്ത്രത്തിന്റെ അംഗീകൃത പാരികല്പനയിൽ സകല ജീവിവർഗത്തിന്റെയും പരസ്പര ആശ്രിതത്വവും പൂരകബന്ധവും അംഗീകരിക്കപ്പെടുന്നു. ലോകത്തിന്റെ ഒരു കോണിൽ നടക്കുന്ന വ്യതിയാനം സർവ്വതിനേയും ബാധിക്കും. കൊവിഡ് രോഗത്തിന്റെ ആഗോള വ്യാപനം ഓർമ്മപ്പെടുത്തുന്നതും ഇതേ പരമാർത്ഥമല്ലാതെ മറ്റൊന്നുമല്ല. പ്രസിദ്ധമായൊരു വേദമന്ത്രമുണ്ടല്ലോ:

സർവേഷാം സ്വസ്ഥിർ ഭവതു

സർവേഷാം ശാന്തിർ ഭവതു

സർവേഷാം പൂർണം ഭവതു

സർവേഷാം മംഗളം ഭവതു

ഋഷിപ്രോക്തമായ ഈ പുരാതനമന്ത്രവും അംഗീകരിക്കുന്നത് സർവതിന്റെയും പാരസ്പര്യം മാത്രം. സ്വസ്തിയും ശാന്തിയും പൂർണതയും മംഗളവും സകലർക്കുമായി മാത്രമേ അനുഭവിക്കാനാവൂ. അമേരിക്കയിൽ സുഖം മറ്റെല്ലാടവും ദുഃഖം എന്നോ, സമ്പന്നർക്ക് സുഖം മറ്റുള്ളവർക്ക് ദുരിതം എന്നോ ഉള്ള അവസ്ഥ സംഭവ്യമല്ല. ഒന്നുകിൽ നമ്മൾ ഒന്നിച്ചു പുലരും; അല്ലെങ്കിൽ ഒന്നിച്ചു തകരും. കുറച്ചുപേർക്ക് സുഖവും മംഗളവും നേടാൻ വേണ്ടി സർവ ജീവികൾക്കും അവകാശപ്പെട്ട പരിസ്ഥിതിയെയും, അവയുടെ നിയാമക ശക്തികളായ ഗിരികൂടങ്ങളെയും വനങ്ങളെയും മഞ്ഞുപർവതങ്ങളെയും പുഴകളെയും ഹനിക്കാൻ തങ്ങൾക്കു അവകാശമുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നവർ ഇത്തരം പ്രകൃതിദുരന്തങ്ങൾ കാണുമ്പോൾ ദുഃഖിക്കുകയും ഞെട്ടുകയും ചെയ്യുന്നതിൽ എന്തെങ്കിലും അർത്ഥമോ ആത്മാർത്ഥതയോ അവകാശപ്പെടാനാകുമോ?

പരിസ്ഥിതിയോടിണങ്ങുന്ന മാറ്റങ്ങൾ വ്യക്തിജീവിതങ്ങളിലെ ആശയങ്ങളിലും പെരുമാറ്റത്തിലും പ്രതീക്ഷകളിലും വരുത്താതെ, അധികം ദൂരെയല്ലാത്ത സർവനാശം തടയാൻ മനുഷ്യരാശിക്ക് സാധിക്കില്ല. രാഷ്ട്രനേതാക്കൾ തീരുമാനിക്കട്ടെ; അനുസരിച്ചാൽ പോരേ എന്ന നിലപാട് അപായകരം. സർക്കാരുകളുടെ വികസനനയങ്ങളിൽ പാരിസ്ഥികാവബോധം സ്ഥാനം പിടിക്കുമെന്നു വിശ്വസിക്കാനുള്ള സാഹചര്യമല്ല ഇപ്പോൾ. എല്ലാ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കാലഹരണപ്പെട്ട വികസന മാതൃകകളിൽ സ്വയം തടവിലാണ്. അതവർക്ക് സൗകര്യവുമാണ്. അതാണ് ബിഗ് ബിസിനസിന്റെ താത്‌പര്യം. ആഗോള ബിസിനസ് താത്‌പര്യങ്ങൾക്ക് ലാഭം മാത്രം മതി. നിങ്ങളുടെ പ്രകൃതിയെ പരിരക്ഷിക്കലല്ല ഞങ്ങളുടെ പണി എന്നാണ് അവരുടെ നിലപാട്. വികസനം ഈ പരിസ്ഥിതിവിരുദ്ധ ദിശയിലേ സഞ്ചരിക്കൂ. വികസനനയങ്ങൾ മാറിയിട്ട് നമുക്ക് മാറാം എന്നല്ല; നമ്മൾ മാറുന്നത് കൊണ്ട് നയങ്ങൾ മാറ്റിയേ കഴിയൂ എന്ന സ്ഥിതി സംജാതമാവണം. അത് മാത്രമാണ് പോംവഴി. Small is Beautiful എന്ന ആ പഴയ പല്ലവി പ്രാവർത്തികമാക്കിയാൽ മാത്രം മതി. ഹിമാലയൻ ദുരന്തത്തിനും ഇവിടത്തെ മണ്ണിടിച്ചിലിനും വരൾച്ചയ്ക്കും പ്രളയത്തിനും പിന്നിൽ നമ്മുടെ ദുരയും പ്രവർത്തിച്ചിട്ടുണ്ട്. പ്രകൃതിയെ ഹനിക്കാൻ മനുഷ്യന് എന്തോ പ്രത്യേകാവകാശമുണ്ടെന്ന ആധുനിക പരിഷ്‌കൃതിയുടെ മൂഢവിശ്വാസമാണ് എല്ലാം ഹനിക്കാൻ ഹേതുവാകുന്നതെന്ന കുറ്റബോധമെങ്കിലും അന്ധപുരോഗതിയുടെ അപ്പസ്‌തോലന്മാർക്ക് ഉണ്ടാകേണ്ടതാണ്. അതിനപ്പുറമുള്ള മാനസാന്തരം കിനാവു കാണുന്നത് അവിവേകമായിരിക്കുമല്ലോ.