
തിരുവനന്തപുരം: സർക്കാരിനെതിരായ നിയമന വിവാദ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരുമായി ഉന്തും തളളുമുണ്ടായി. ഇതിനിടെ കുറച്ച് പ്രവർത്തകർ മതിൽചാടി സെക്രട്ടറിയേറ്റ് പരിസരത്ത് പ്രവേശിച്ചു. ഇവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. ബിജെപി വനിതാ കൗൺസിലർമാരുൾപ്പടെ പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു,
ഇന്നലെ യുഡിഎഫ് സംഘടനകളാണ് സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചതെങ്കിൽ ഇന്ന് ബിജെപി സംഘടനകളുടെ ശക്തമായ പ്രതിഷേധമാണ് കാണാനാകുന്നത്. കാലടി സർവകലാശാലയിലേക്ക് യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. ബാരിക്കേഡുകൾ മറികടന്ന് അകത്തേക്ക് പ്രവേശിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.
താൽക്കാലിക, കരാർ നിയമനം ലഭിച്ചവരെ മനുഷ്യത്വപരമായ കാരണങ്ങളാൽ സ്ഥിരപ്പെടുത്തുന്നുവെന്നാണ് വിവിധ വകുപ്പുകളിലെ നിയമനങ്ങളെക്കുറിച്ച് സർക്കാർ അറിയിച്ചത്. ഇതിനെതിരെ ശക്തമായ സമരമാണ് റാങ്ക് ഹോൾഡേഴ്‌സും പ്രതിപക്ഷ സംഘടനകളും നടത്തുന്നത്. മണ്ണെണ്ണ ദേഹത്തൊഴിച്ചും കെട്ടിടത്തിന് മുകളിൽ നിന്നും ആത്മഹത്യാഭീഷണി മുഴക്കിയും വലിയ പ്രക്ഷോഭമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. എന്നാൽ ഉദ്യോഗാർത്ഥികളുടെ സമരത്തിന് പിന്നിൽ പ്രതിപക്ഷ സംഘടനകളാണെന്ന് സർക്കാർ ആരോപിക്കുന്നു.