arya-rajendran

തിരുവനന്തപുരം: തിരുവനന്തപുരം മേയർ‌ക്ക് കോർപ്പറേഷൻ ഭരണം 'കുട്ടിക്കളി'യെന്ന ആരോപണവുമായി ബിജെപി രംഗത്ത്. വാർഷിക പദ്ധതി തയ്യാറാക്കുന്ന യോഗങ്ങളിൽ പോലും പങ്കെടുക്കാതെ മേയർ ആര്യ രാജേന്ദ്രൻ കോർപ്പറേഷൻ ഭരണം കുട്ടിക്കളിയാക്കിയെന്ന് ആരോപിച്ച് സമരത്തിനൊരുങ്ങുകയാണ് ബിജെപി കൗൺസിലർമാർ.

നഗരസഭയുടെ വികസന അജണ്ട നിശ്ചയിക്കേണ്ട പല തീരുമാനങ്ങളും കൈക്കൊള്ളുന്നത് വികസന സെമിനാറിലാണ്. എംഎൽഎമാർ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന പരിപാടിയിൽ മേയറുടെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമാണ്. മുൻവർഷങ്ങളിലൊക്കെ ഇതേ മാതൃകയിൽ തന്നെയാണ് യോഗം നടന്നിട്ടുള്ളതെന്ന് ബിജെപി പറയുന്നു. എന്നാൽ കാര്യഗൗരവം മനസിലാക്കാതെയാണ് മേയർ വിട്ടുനിൽക്കുന്നതെന്നാണ് ഇവരുടെ ആരോപണം.

ഡെപ്യൂട്ടി മേയർ പങ്കെടുത്തെങ്കിലും ദേഹാസ്വസ്ഥ്യത്തിന്റെ പേരിൽ ഉടനെ മടങ്ങുകയായിരുന്നു. യോഗം വിളിച്ചുകൂട്ടിയ മേയർ പാർട്ടി പരിപാടിക്കായി കണ്ണൂർക്ക് പോയി. ഭരണത്തെക്കുറിച്ച് ഒന്നും അറിയാതെ നേതാക്കൻമാർ പറയുന്നതനുസരിച്ച് പ്രവർത്തിക്കുന്നതുകൊണ്ടാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

ത്രികോണ മൽസരം പ്രതീക്ഷിക്കുന്ന നേമം,വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം എന്നീ നാല് മണ്ഡലങ്ങളാണ് കോർപ്പറേഷനിലുള്ളത്. അതുകൊണ്ടുതന്നെ കോർപ്പറേഷനിൽ വിദ്യാർത്ഥിനിയെ മേയറാക്കി സിപിഎം നേടിയ മേൽക്കൈക്ക്, 'റബ്ബർ സ്‌റ്റാമ്പ് പദവി എന്ന ആരോപണം ഉയർത്തി തിരിച്ചടിക്കാനാണ് ബിജെപിയുടെ നീക്കം

അതേസമയം, യോഗം അതീവപ്രധാനമല്ലായിരുന്നെന്നും, വികസനസെമിനാറിൽ പങ്കെടുത്തില്ലെന്നത് രാഷ്ട്രീയ ആരോപണം മാത്രമെന്നുമാണ് മേയറുടെ മറുപടി. എന്നാൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണപ്രതിസന്ധിയുണ്ടെന്ന് ചില ഉദ്യോഗസ്ഥരും സമ്മിതിക്കുന്നുണ്ട്. സുപ്രധാനമായ റവന്യൂ വകുപ്പിലടക്കം പലയിടത്തും ഉദ്യോഗസ്ഥർ അവധിയിലാണ്. ഇതുകാരണം ഫയൽ നീക്കം സ്തംഭവനാവസ്ഥയിലാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്.