fire-play-

ബീജിംഗ് : നിന്ന നിൽപ്പിൽ ആകാശത്തേയ്ക്ക് സ്‌ഫോടനത്തിനൊപ്പം പറക്കുന്ന കുട്ടികൾ. ചൈനയിലെ സമൂഹമാദ്ധ്യമങ്ങളിൽ അടുത്തിടെ വൈറലാകുന്ന വീഡിയോകളാണിവ. ചെറു പടക്കങ്ങൾ കത്തിച്ച ശേഷം അഴുക്ക് ചാലുകളുടെ ഉള്ളിലിടുകയും ശേഷം മാൻഹോളുകളുടെ മൂടികളുടെ മുകളിൽ കയറി നിൽക്കുകയുമാണ് കുട്ടികൾ ചെയ്യുന്നത്. നിമിഷ നേരത്തിനകം വൻ ശബ്ദത്തോടെ സ്‌ഫോടനമുണ്ടാവുകയും കുട്ടികൾ മൂന്ന് മീറ്റർ വരെ ഉയരത്തിലേക്ക് തെറിക്കുകയും ചെയ്യും. ഈ സാഹസിക കളിയാണ് ചൈനയിലെമ്പാടും ഇപ്പോൾ ഹരമായി തീർന്നിട്ടുള്ളത്. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ് ഈ കൃത്യത്തിന് കുട്ടികൾ മുതിരുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇത്തരം വീഡിയോ കണ്ടിട്ടുള്ളത്.

ചെറു പടക്കത്തിന് ഇത്രയും പ്രഹരശേഷി ഉണ്ടാവുന്നത് എങ്ങനെയെന്നും ചർച്ചയാവുന്നുണ്ട്. അഴുക്ക് ചാലുകളിൽ സാധാരണയായി രൂപപ്പെടാറുള്ള മീഥേയ്ൻ വാതകം നിമിത്തമാണ് സ്‌ഫോടനത്തിന് പ്രഹരശേഷി കൈവരുന്നതെന്നാണ് ലഭിക്കുന്ന സൂചന. ചൈനയിലെ ഒരു മാൻഹോളിന്റെ മൂന്നോളം മൂടികൾ സ്ഥോടനത്തിൽ തെറിച്ച് പോകുന്ന വീഡിയോയും വൈറലായിട്ടുണ്ട്. കഴിഞ്ഞ മാസം മുതലാണ് ഇത്തരത്തിലുള്ള അപകട വികൃതികൾ കുട്ടികൾ കാണിക്കുന്നത് അധികാരികളുടെ ശ്രദ്ധയിൽ പെട്ടത്. അഞ്ചോളം സമാനമായ വീഡിയോയാണ് ജനുവരിയിൽ വൈറലായത്. എന്നാൽ സാഹസിക കൃത്യങ്ങളിൽ ഏർപ്പെട്ട കുട്ടികൾക്ക് പരിക്കേറ്റതിനെ കുറിച്ച് റിപ്പോർട്ടുകളൊന്നും ലഭ്യമല്ല. അതേസമയം ഇത്തരം അപകട കൃത്യങ്ങൾ വിലക്കാൻ അധികാരികൾ നടപടികളെടുക്കണമെന്ന ആവശ്യം ഇതിനകം ഉയർന്നിട്ടുണ്ട്.

Children across China are dropping firecrackers into manholes, causing explosions that send them flying pic.twitter.com/XEA5AEYOzk

— SCMP News (@SCMPNews) February 9, 2021