
ലക്‌നൗ: ഷർട്ടിന്റെ അളവ് ശരിയാകാത്തതിൽ പ്രകോപിതനായി തയ്യൽക്കാരനെ കൊലപ്പെടുത്തി. റായ്ബറേലിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. അറുപത്തിയഞ്ചുകാരനായ അബ്ദുൾ മജീദ് ഖാൻ ആണ് കൊല്ലപ്പെട്ടത്. ഷർട്ട് തുന്നിയതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സലീം എന്നയാളാണ് തന്റെ പിതാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് മജീദിന്റെ മകൻ ആരോപിച്ചു. മജീദിന്റെ പക്കൽ ഷർട്ട് തയ്പ്പിക്കുന്നതിനായി സലീം തുണി നൽകിയിരുന്നു. തയ്ച്ച് നൽകിയപ്പോൾ ഷർട്ടിന്റെ അളവ് ശരിയായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കും, അടിപിടിയും ഉണ്ടായി. തർക്കത്തിനൊടുവിൽ മജീദിനെ സലീം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് ആരോപണം.
മജീദിന്റെ ആന്തരിക സ്രവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും, ഈ റിപ്പോർട്ട് വന്നശേഷം മാത്രമേ മരണകാരണം കൃത്യമായി പറയാൻ സാധിക്കൂവെന്ന് റായ്ബറേലി എസ്പി ശ്ലോക് കുമാർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.