
ന്യൂഡൽഹി/കോഴിക്കോട്: പാലാ വിട്ട് എങ്ങോട്ടുമില്ലെന്ന് മാണി സി കാപ്പൻ. എൻ സി പിക്ക് പാലാ മണ്ഡലം വിട്ടുകൊടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൻ സി പി ദേശീയ നേതൃത്വത്തെ നിലപാട് അറിയിച്ചെന്ന വാർത്ത വന്നതിന് തൊട്ടുപിന്നാലെയാണ് മാണി സി കാപ്പന്റെ പ്രതികരണം. വേണമെങ്കിൽ കുട്ടനാട് മത്സരിക്കാമെന്ന ഇടതുമുന്നണി വാഗ്ദ്ധാനവും അദ്ദേഹം തളളി.
പാലാ സീറ്റിന്റെ കാര്യത്തിൽ ഇടതുമുന്നണി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ മറ്റ് സാദ്ധ്യതകളെ കുറിച്ച് ആലോചിക്കും. അധികം വൈകാതെ തീരുമാനം പ്രഖ്യാപിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. നിർണായക തീരുമാനം വെളളിയാഴ്‌ച ഉണ്ടായേക്കുമെന്നും കാപ്പൻ സൂചിപ്പിച്ചു.
അതേസമയം, തീരുമാനം ദേശീയ നേതൃത്വം ആലോച്ചിച്ചെടുക്കുമെന്നാണ് മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. ഏതെങ്കിലും സീറ്റ് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നോയെന്ന് അറിയില്ല. യു ഡി എഫിലേക്ക് പോകുമെന്നത് വസ്‌തുതാ വിരുദ്ധമാണ്. മുന്നണി മാറ്റമില്ലെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
പത്ത് ജില്ലാ കമ്മിറ്റികളുടെ പിന്തുണ ഉണ്ടെന്നാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ അവകാശവാദം. അതേസമയം, കോട്ടയം, ആലപ്പുഴ ജില്ലാ കമ്മിറ്റികൾ മാണി സി കാപ്പനൊപ്പമാണ്. പാലായ്ക്ക് പുറമെ, ശശീന്ദ്രന്റെ ഏലത്തൂർ മണ്ഡലവും ഏറ്റെടുക്കാൻ സിപിഎം ആലോചിക്കുന്നുണ്ട്.