
ന്യൂഡൽഹി: കർഷക സമരത്തിന് അനുകൂലമായി തെറ്റായതും പ്രകോപനപരവുമായ ട്വീറ്റുകൾ പോസ്‌റ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതുമായ അക്കൗണ്ടുകൾ ട്വിറ്റർ ബ്ളോക്ക് ചെയ്‌ത് തുടങ്ങി. 1178 അക്കൗണ്ടുകൾ നീക്കം ചെയ്യാനുളള കേന്ദ്ര നിർദ്ദേശത്തെ തുടർന്ന് 500 അക്കൗണ്ടുകൾ ട്വിറ്റർ പൂട്ടി. ഇത്തരം പ്രകോപനപരമായ പോസ്‌റ്റുകൾ കാണുന്നതിനുളള ഹാഷ്‌ടാഗുകൾ ഉപഭോക്താക്കളിൽ എത്തിക്കുന്നത് കുറയ്‌ക്കാനും ട്വിറ്റർ തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ ഈ പ്രൊഫൈലുകളും ഹാഷ്‌ടാഗുകളും നിരോധിക്കുന്നത് ഇന്ത്യയിൽ മാത്രമായിരിക്കുമെന്ന് ട്വിറ്റർ അവരുടെ ഔദ്യോഗിക ബ്ളോഗിൽ അറിയിച്ചു. മാദ്ധ്യമ സ്ഥാപനങ്ങൾ, മാദ്ധ്യമപ്രവർത്തകർ, രാഷ്‌ട്രീയ പ്രവർത്തകർ എന്നിവരുടെ അക്കൗണ്ടുകൾ പൂട്ടില്ല. രാജ്യത്തെ നിയമപ്രകാരം ഇവരുടെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് തടസമാകാൻ ഉദ്ദേശിക്കുന്നില്ലെന്നും ട്വിറ്റർ അറിയിച്ചു. മുൻപ് കർഷക സമരത്തിന് അനുകൂലമായ 126 അക്കൗണ്ടുകൾ ട്വിറ്റർ ബ്ളോക്ക് ചെയ്‌തെങ്കിലും പിന്നീട് ആ നടപടി അവർ പിൻവലിച്ചിരുന്നു. 257ഓളം അക്കൗണ്ടുകളാണ് അന്ന് ബ്ളോക്ക് ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്.
നിലവിൽ 1178 അക്കൗണ്ടുകൾ പൂട്ടാനാണ് കേന്ദ്ര ഐടി മന്ത്രാലയം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവയിലൂടെ കാർഷിക സമരത്തെ മറയാക്കി ഖാലിസ്ഥാൻ അനുകൂലികളും പാകിസ്ഥാൻ അനുകൂലികളും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയാണെന്നാണ് സർക്കാർ വാദം. എന്നാൽ ഇതിന് തയ്യാറാകാതിരുന്ന ട്വിറ്ററിനോട് ശക്തമായ നിയമ നടപടി നേരിടേണ്ടി വരുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനിടെ കർഷക സമരത്തിൽ പങ്കെടുക്കുന്നവർക്ക് പിന്തുണയും ആവേശവും നൽകുന്ന ഗാനങ്ങൾ കേന്ദ്രസർക്കാരിന്റെ പരാതിയെ തുടർന്ന് യൂട്യൂബ് നീക്കി. 1.3 കോടി ജനങ്ങൾ കണ്ട ഹിമാത് സന്ധുവിന്റെ അസി വദാംഗെ എന്ന ഗാനവും കൻവർ ഗ്രെവാളിന്റെ ഐലാൻ എന്ന ഒരുകോടി ആളുകൾ കണ്ട ഗാനവുമാണ് നീക്കം ചെയ്‌തത്. എന്നാൽ മറ്റ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ ഗാനങ്ങൾ ഇപ്പോഴും പ്രചരിപ്പിക്കാൻ സമരക്കാർ ശ്രമിക്കുന്നുണ്ട്.