mamtha-banarjee-

മുർഷിദാബാദ് : ബി ജെ പിയുടെ ഭീഷണിയിൽ വീഴുന്ന ഒരു ദുർബലയല്ല താനെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ബഹറാംപൂരിലെ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് തന്റെ പാർട്ടിയിൽ നിന്നും ബി ജെ പിയിലേക്ക് ചേക്കേറിയ നേതാക്കളെയടക്കം കണക്കിന് ആക്ഷേപിച്ച് കൊണ്ട് മമത പ്രസംഗിച്ചത്. ബി ജെ പിയുടെ ഭീഷണിയിൽ തളരുന്നവളല്ല താനെന്നും, ഒന്നിനെയും ഭയക്കേണ്ട ആവശ്യം തനിക്കില്ലെന്നും അഭിപ്രായപ്പെട്ട മമത, താനൊരു റോയൽ ബംഗാൾ കടുവയെപ്പോലെ തല ഉയർത്തിപ്പിടിച്ച് നടന്ന് ജീവിക്കുമെന്നും പ്രസ്താവിച്ചു.

മുർഷിദാബാദിൽ സംസാരിക്കവേ ചരിത്രത്തെ കൂട്ട് പിടിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ നവാബ് സിറാജ് ഉദ്ദൗളയെ മുഖ്യമന്ത്രി അനുസ്മരിച്ചു. നവാബിന്റെ വലം കൈയായ മിർ ജാഫർ ശത്രു ക്യാമ്പിൽ ചേക്കേറിയതിനെ തന്റെ പാർട്ടിയിൽ നിന്നും ബി ജെ പിയിലേക്ക് പോയ നേതാക്കളോട് മമത ഉപമിച്ചു. ചില വികൃതികളായ പശുക്കൾ ബി ജെ പിയിലേക്ക് പോയെന്നും, അവരിപ്പോൾ അവിടെ ചെന്ന് ശബ്ദമുണ്ടാക്കുകയാണെന്നും മമത പരിഹസിച്ചു. ഇനിയും അത്തരത്തിൽ തൃണമൂൽ വിടാൻ ആഗ്രഹിക്കുന്ന പശുക്കൾ വേഗം പോകണമെന്നും മോശം പശുക്കളുള്ള തൊഴുത്തിനെക്കാളും പശുക്കളില്ലാത്ത തൊഴുത്താണ് നല്ലതെന്നും പറഞ്ഞ മമത ബാനർജി തൃണമൂൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.