
ഒരു യൂറോയ്ക്ക് ഒരു വീട് എന്ന ഓഫറുമായി ഇറ്റലിക്കാർ വീണ്ടും ഞെട്ടിക്കുകയാണ്. ഇത്തവണ ഇറ്റലിയിലെ സിസിലിയിലെ ട്രോയ്ന എന്ന പ്രദേശമാണ് കൊതിപ്പിക്കുന്ന ഓഫറുമായി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചരിത്രവും പാരമ്പര്യവും ഒത്തിണങ്ങിയ ഇറ്റലിയെ ഇഷ്ടപ്പെടാത്ത സഞ്ചാരികളില്ല, അതിനാൽ തന്നെ നിമിഷവേഗത്തിൽ ഈ ഓഫർ തീരും എന്ന കാര്യം പറയേണ്ടതില്ലല്ലോ?
ഒരു യൂറോ, അതായത് ഏകദേശം 88 രൂപയ്ക്കാണ് ട്രോയ്ന പ്രദേശത്തെ ആളൊഴിഞ്ഞ വീടുകൾ വില്പനയ്ക്ക് വച്ചിട്ടുള്ളത്. ഇറ്റലിയിൽ ഒരു കാപ്പി കുടിക്കാൻ പോലും ഒരു യൂറോയിലധികം ചെലവിടേണ്ടതുണ്ട്.
അത്ഭുതം തോന്നുമെങ്കിലും ഇതാദ്യമായല്ല ഇറ്റലിയിൽ ഒരു യൂറോയ്ക്ക് വീടുകൾ വിൽക്കാനുണ്ടെന്ന വാർത്ത വരുന്നത്. കുറച്ച് മാസങ്ങൾക്കു മുമ്പ് ഇറ്റലിയിലെ മോലിസ് പ്രദേശത്തുള്ള കാസ്ട്രോപിഗ്നാനോ എന്ന ഗ്രാമവും മുസോമെലി, സുൻഗോലി തുടങ്ങിയ ഇടങ്ങളിലും ഇതേ ഓഫറുമായി വന്നിരുന്നു. ഇവിടുത്തെ ആൾത്താമസമില്ലാത്ത കെട്ടിടങ്ങളിലേക്കും വീടുകളിലേക്കും പുതിയ ഉടമസ്ഥരെ തേടിയുള്ള കച്ചവടമായിരുന്നു അത്.
ഇറ്റലിയിൽ കണ്ടുവരുന്ന ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റം തന്നെയാണ് ട്രോയ്നയിലും സംഭവിച്ചത്. പുതിയ അവസരങ്ങളും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും തേടി പ്രദേശവാസികൾ ട്രോയ്ന ഉപേക്ഷിച്ചപ്പോഴാണ് ഇവിടുത്തെ വീടുകളും കെട്ടിടങ്ങളും അനാഥമായത്. ഇവിടുത്തെ മിക്കവീടുകളും ആളുകളില്ലാതെ അടച്ചുപൂട്ടിയിരിക്കുകയാണ്. പുതിയ താമസക്കാരെ സ്വാഗതം ചെയ്ത് നഗരത്തിന്റെ പഴയ പേരും പ്രതാപവും തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഒരു യൂറോ വീട് വില്പന എന്ന ആശയം കൊണ്ടുവന്നത്. നോർമൻ കാലഘട്ടത്തിൽ സിസിലിയുടെ തലസ്ഥാനമായിരുന്നു ട്രോയ്ന.
മറ്റ് ഇറ്റാലിയൻ നഗരങ്ങളെ പോലെ തന്നെ ട്രോയ്നയും അതിമനോഹരമായ ഭൂപ്രകൃതി കൊണ്ട് സമൃദ്ധമാണ്. പ്രസിദ്ധമായ സിസിലിക്ക് സമീപം സ്ഥിതി ചെയ്യുന്ന ട്രോയ്ന അറിയപ്പെടുന്നത് സിസിലിയുടെ ബാൽക്കണി എന്നാണ്. പ്രധാന നഗരങ്ങളെല്ലാം ട്രോയ്നയിൽ നിന്നും വെറും 500 മീറ്റർ മാത്രം അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1,100 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശമുള്ളത്. നെബ്രോഡി മൗണ്ടൻ പാർക്ക് റിസർവിൽ സ്ഥിതി ചെയ്യുന്ന ഇവിടെ സമാധാനപ്രദമായ ജീവിതം നയിക്കാൻ വേണ്ട എല്ലാ ഘടകങ്ങളും കാണാൻ കഴിയും. കാട്ടിലാണ് ഈ പ്രദേശമുള്ളത്. മരങ്ങളും പൂക്കളും മാത്രമല്ല, കുളങ്ങളും തടാകങ്ങളും ഇവിടെ കാണാൻ കഴിയും.
വീട് ഏറ്റെടുത്ത് ഏറ്റവും മികച്ച രീതിയിൽ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. വീട് വാങ്ങാൻ താല്പര്യപ്പെടുന്നവർ, എന്താണ് പുതിയ വീട്ടിൽ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും എങ്ങനെ നവീകരിക്കുവാനാണ് ആഗ്രഹിക്കുന്നതെന്നും വിശദമാക്കി ഇതിന്റെ പ്രോജക്ട് ടീമിനു casea1euro@comune.troina.en.it എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുകയാണ് വേണ്ടത്. ഏറ്റവും മികച്ച ആശയങ്ങൾ പങ്കുവയ്ക്കുന്നവർക്കാണ് തുച്ഛമായ നിരക്കിൽ വീട് സ്വന്തമാക്കാൻ അവസരം ലഭിക്കുന്നത്. 
ഈ പദ്ധതി പ്രകാരം ഒരു യൂറോയ്ക്ക് വീടു വാങ്ങുന്നവർ 5,000 യൂറോ ഡെപ്പോസിറ്റ് ചെയ്യണം. വീടു വാങ്ങി ഒരു വർഷത്തിനുള്ളിൽ വീട് എങ്ങനെ നവീകരിക്കുന്നു എന്നതിന്റെ പൂർണ്ണമായ വിശദാംശങ്ങൾ നല്കണം. മൂന്നു വർഷത്തിനുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണം എന്ന നിബന്ധനയോടെയാണ് വീട് നൽകുന്നത്. അതിനു ശേഷം ഡെപ്പോസിറ്റ് തുക തിരികെ നല്കും. വീട് വാങ്ങുന്നവർക്ക് 25000 യൂറോ വരെ വിവിധ വകുപ്പുകളിൽ നിന്നും അനുവദിക്കും. മാത്രവുമല്ല, ഇവിടെ വീടുവാങ്ങി താമസിക്കാനെത്തുന്നവർക്ക് പ്രത്യേക ഇളവുകളും ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ കുട്ടികൾക്ക് കിന്റർഗാർട്ടനിൽ ഫീസും  സ്കൂൾ ബസ് യാത്രയും സൗജന്യമാണ്. കൂടാതെ മൂന്നു വർഷത്തേയ്ക്ക് നികുതി ഇളവും അധികൃതർ നല്കും.