
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഭിനേത്രിമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. അൺഫിനിഷ്ഡ് എന്ന പുസ്തകത്തിലൂടെ എഴുത്തുകാരിയായും തുടക്കം കുറിച്ചിരിക്കുകയാണ് താരം. പുസ്തകത്തിൽ പ്രിയങ്ക പങ്കുവച്ച തന്റെ സ്‌കൂൾ പഠനകാലത്തുണ്ടായ രസകരമായ ഒരു സംഭവം ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചാവിഷയമായി കഴിഞ്ഞു. സഹപാഠിയായിരുന്ന ബോബുമായി പ്രണയത്തിലായിരുന്നെന്നും. തന്റെ ക്ഷണം സ്വീകരിച്ച് ഒരിക്കൽ ബോബ് വീട്ടിലെത്തിയപ്പോൾ പിണഞ്ഞ അമളിയുമാണ് താരം പങ്കുവച്ചിരിക്കുന്നത്.
ഇന്ത്യാ നപോളിസിൽ അമ്മായിക്കൊപ്പമാണ് പ്രിയങ്ക താമസിച്ചിരുന്നത്. അമ്മായി വീട്ടിലില്ലാത്ത സമയത്തായിരുന്നു ബോബിന്റെ വരവ്. അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടന്ന് അമ്മായി കയറി വന്നു. പേടിച്ചപോയ പ്രിയങ്ക കാമുകനെ തുണികൾ വയ്ക്കുന്ന കബോർഡിനുള്ളിൽ ഒളിപ്പിക്കുകയും ചെയ്തു. എന്നാൽ പ്രിയങ്ക
യുടെ മുഖത്തെ കള്ളത്തരം കണ്ട അമ്മായി മുറി മുഴുവൻ തപ്പി. അവസാനം കബോർഡ് തുറന്നു നോക്കിയപ്പോൾ ബോബിനെ കാണുകയും വഴക്കു പറയുകയും ചെയ്തു. കുട്ടിക്കാലത്തെ കുസൃതികളും ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളുമൊക്കെ തന്റെ പുസ്തകത്തിൽ പ്രിയങ്ക പങ്കുവയ്ക്കുന്നുണ്ട്.2000 ൽ മിസ് വേൾഡായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ചോപ്ര തമിഴൻ എന്ന ചിത്രത്തിൽ വിജയ് യുടെ നായികയായാണ് അഭിനയരംഗത്ത് തുടക്കം കുറിക്കുന്നത്. ദ ഹീറോ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. അന്താസ് എന്ന ചിത്രമാണ് ബോളിവുഡിൽ പ്രിയങ്ക ചോപ്രയ്ക്ക് താരപദവി സമ്മാനിച്ചത്. ഇരുപതിറ്റാണ്ടിനിടയിൽ ബോളിവുഡിൽ അറുപതോളം ചിത്രങ്ങളിൽ നായികയായി കഴിഞ്ഞ പ്രിയങ്ക ചോപ്ര എല്ലാ മുൻനിര നായകന്മാരുടെയും ജോടിയായി. പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിട്ടുള്ള പ്രിയങ്കചോപ്ര 2018ൽ അമേരിക്കൻ ഗായകനും ഗാനരചയിതാവും നടനുമായ നിക്ക് ജൊനാസിനെ വിവാഹം കഴിച്ചു.