
ഗുരുദേവൻ ആദ്ധ്യാത്മികമായും ഭൗതികമായും മനുഷ്യകുലത്തെ പ്രത്യേകിച്ച് അടിച്ചമർത്തപ്പെട്ട സമൂഹത്തെ നയിച്ചുകൊണ്ട് അരുവിപ്പുറത്ത് വിരാചിക്കുന്ന കാലം. അരുവിപ്പുറത്തിന് സമീപം ഏകദേശം അഞ്ചുകിലോമീറ്റർ വടക്കുമാറി ചെങ്കല്ലൂർ എന്ന സ്ഥലത്ത് പുലിവാതുക്കൽ വീടുവക 436 , 437 സർവേ നമ്പരിലുണ്ടായിരുന്ന 41 ഏക്കറോളം വരുന്ന പുരയിടവും അഞ്ചേക്കറോളം നിലവും സിവിൽക്കോടതി വിധിയിലൂടെ കരകുടിശ്ശികയ്ക്ക് ലേലം ചെയ്തുവിൽക്കുന്നത് ഒഴിവാക്കാൻ മറ്റുമാർഗങ്ങളില്ലാതെ വന്നപ്പോൾ പുലിവാതുക്കൽ വീട്ടുകാർ അരുവിപ്പുറത്ത് വിശ്രമിക്കുന്ന ബ്രഹ്മശ്രീ നാരായണ ഗുരുസ്വാമികളെ സമീപിച്ച് സങ്കടം ബോധിപ്പിച്ചു. അതിൻപ്രകാരം ഗുരു ഈ വസ്തുവകകൾ പണംകൊടുത്ത് 1098 വൃശ്ചികമാസം 27-ാം തീയതി ബ്രഹ്മശ്രീ നാരായണ ഗുരുസ്വാമി പേർക്ക് 1174-ാം നമ്പരായി ആധാരം രജിസ്റ്റർ ചെയ്തു. ഗുരുദേവൻ മേൽപ്പറഞ്ഞ ആധാരപ്രകാരം വാങ്ങിയ വസ്തുക്കൾ അരുമാനൂർ ദേശത്ത് പുളിനിന്ന വീട്ടിൽ കാളശങ്കരന് 1098 -ൽ 2578 -ാം നമ്പരായി പാട്ടം കൊടുത്തു.
1103 കർക്കിടകം ഒൻപതിന് പാട്ടം കരാർ അവസാനിച്ചിട്ടുള്ളതാണ് ഇതൊക്കെ സംഭവിച്ചു കൊണ്ടിരുന്നപ്പോഴും ഗുരുവിന്റെ കാരുണ്യതിരേകം കാരണം അവിടെ കിടന്നവരെ ഗുരു ഒഴിപ്പിച്ചില്ല. ഗുരുവിന്റെ വിൽപ്പത്ര പ്രകാരം ഗുരുവിന് സിദ്ധിച്ചിട്ടുള്ള വസ്തുവകകളും സ്ഥാപനങ്ങളും ക്ഷേത്രങ്ങളും മറ്റും ഗുരുശിഷ്യനായി അഭിഷേകം ചെയ്ത് അവരോധിച്ച ബോധാനന്ദ സ്വാമികളുടെ പേർക്ക് എഴുതിവച്ചിട്ടുള്ളതാണ്. അതിന് ശേഷം ശിഷ്യപരമ്പരയിൽപ്പെട്ട സംന്യാസിമാർക്ക് മാത്രം അവകാശപ്പെട്ടതാണ്. കൂടാതെ എസ്.എം. 14/1956 നമ്പർ കേസിൽ ബഹു: ഹൈക്കോടതി 26-03-1959-ൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സ്‌കീമിന് അംഗീകാരം നൽകി. അതുപ്രകാരം ട്രസ്റ്റാണ് എല്ലാ സ്ഥാവര ജംഗമ വസ്തുക്കളുടേയും അവകാശി. ഗുരുവിന്റെ വിൽപ്പത്രപ്രകാരവും ഹൈക്കോടതി അംഗീകരിച്ച ട്രസ്റ്റ് സ്‌കീം പ്രകാരവും ഒരു തരി മണ്ണ് പോലും അന്യാധീനപ്പെടുത്താനോ വിട്ടു കൊടുക്കാനോ ട്രസ്റ്റിന് അധികാരമില്ല.
തിരുവനന്തപുരം ലാന്റ് ട്രൈബ്യൂണലിൽ നിന്നും ടി സ്ഥലത്തിന് 12/1987 -ാം നമ്പരായി എസ്.എം. 96/1986-ാം നമ്പർ കേസ്സിൽ 12-ാം നമ്പരായി ക്രയ സർട്ടിഫിക്കറ്റ് (ജന്മാവകാശം) ലഭിച്ചിട്ടുള്ളതാണ്. റീസർവേ പ്രകാരം മാറനല്ലൂർ വില്ലേജിലെ ബ്ലോക്ക് 11 ൽ 2980 -ാം നമ്പർ തണ്ടപ്പേരിൽ പ്രകാരം കരമൊടുക്കി വരുന്ന 46 ഏക്കർ 80 സെന്റ് വസ്തു പൂർണമായും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റേതാണ്. വസ്തുതകൾ കൃത്യമായി മനസിലാക്കാതെ ചില കുടുംബക്കാർ അതിലിപ്പോഴും താമസിക്കുന്ന സാഹചര്യത്തിൽ ധർമ്മസംഘം അംഗങ്ങളായ സംന്യാസിമാർ അവരുമായി സംസാരിച്ച് നിജസ്ഥിതി മനസിലാക്കിക്കൊടുത്ത് വ്യവഹാരങ്ങൾ അവസാനിപ്പിച്ച്, ധർമ്മസംഘം ട്രസ്റ്റ് ബോർഡ് പറയുന്ന പുനരധിവാസ പാക്കേജിന് സമ്മതിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ അവരുടെ പേരിൽ ട്രസ്റ്റ് ഭൂമിയ്ക്ക് വെളിയിൽ സ്ഥലം വാങ്ങി ഭവനം നിർമ്മിച്ച് കൊടുക്കാമെന്ന് ഏറ്റതിന്റെ ആദ്യഘട്ടമായി രണ്ട് കുടുംബക്കാരെ നാളെ മാറ്റിപാർപ്പിക്കുകയാണ്. മറ്റുള്ളവർ ഈ വ്യവസ്ഥയ്ക്ക് അനുകൂലമാണെന്ന് അറിയിച്ചിട്ടുണ്ട്.
ചെങ്കല്ലൂർ ഗുരുചൈതന്യ നിലയം ഭവനപദ്ധതി സമർപ്പിക്കുന്നത് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികളാണ്. ഈ പുണ്യകർമ്മത്തിൽ ശിവഗിരി മഠത്തിന്റെ സംന്യാസി ശ്രേഷ്ഠരും ജനപ്രതിനിധികളും നല്ലവരായ നാട്ടുകാരും പങ്കെടുക്കുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള ചടങ്ങായിരിക്കും ഇത്. ഗുരുഭക്തരുടേയും പ്രസ്ഥാനങ്ങളുടേയും അകമഴിഞ്ഞ പ്രാർത്ഥനയും സഹായവും ഉണ്ടാകണമെന്ന പ്രാർത്ഥനയോടെ...